എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ കെ.പി.സി.സി കമ്മറ്റി
എഡിറ്റര്‍
Thursday 21st November 2013 5:11pm

chennithala3

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി കമ്മിറ്റി രൂപീകരിച്ചു. കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍ അദ്ധ്യക്ഷനായുള്ള അഞ്ചംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

ഹസനെ കൂടാതെ കണ്ണൂര്‍,വയനാട്,ഇടുക്കി, പാലക്കാട് ഡിസിസി പ്രസിഡന്റുമാര്‍ അടങ്ങിയതാണ് കമ്മിറ്റി. തിരുവന്തപുരത്ത് നടന്ന കെ.പി.സി.സി. യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നും പ്രത്യേകിച്ച് റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മലയോരമേഖലയിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നും വിശദമായി പഠിച്ച് ഇവര്‍ കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

റിപ്പോര്‍ട്ടിനെ ചൊല്ലി യോഗത്തില്‍ രൂക്ഷമായ വാക്കേറ്റങ്ങളുണ്ടായി. വിഷയത്തില്‍ പി.ടി. തോമസ് എം.പിയുടെ നിലപാടുകള്‍ക്കെതിരെ ഐ. ഗ്രൂപ്പ് രംഗത്തു വന്നു.

ഇതിനെ എതിര്‍ത്ത് എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തു വന്നു. ഐ വിഭാഗം നേതാവ് ഇബ്രാഹിംകുട്ടി കല്ലാറാണ് തോമസിനെ ആദ്യം വിമര്‍ശിച്ചത്. എ ഗ്രൂപ്പ് നേതാക്കള്‍ ഇതില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് യോഗത്തില്‍ ബഹളമുണ്ടായി.

ഇതിനിടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തു വന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ വരാന്‍ പോകുന്നത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്. അത് ഇതിലും അപകടകരമാണ്.

അത് കൊണ്ട് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അപാകതകള്‍ പരിഹരിച്ച് നടപ്പാക്കുകയാണ് ഉത്തമമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടതുമുന്നണി നടത്തുന്ന സമരത്തിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

സി.പി.എം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവല്‍കരിക്കാന്‍ യു.ഡി.എഫ് പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement