തിരുവനന്തപുരം: കണ്ണൂര്‍ ഡി.സി.സി ഓഫീസിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണനോടും കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എം.നാരായണന്‍ കുട്ടിയോടും കെ.പി.സി.സി വിശദീകരണം ചോദിച്ചു. 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാമകൃഷ്ണനെ തടഞ്ഞുവെച്ചതിനാണ് എം.നാരായണന്‍കുട്ടിയോട് വിശദീകരണം ചോദിച്ചത്. മാധ്യമങ്ങളോട് സംസാരിച്ചതിനാണ് രാമകൃഷ്ണനോട് വിശദീകരണം ചോദിച്ചത്.

കെ.സുധാകരന്‍ എം.പിയ്‌ക്കെതിരെ ഒരു സ്വകാര്യചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ കടുത്ത പരാമര്‍ശങ്ങളാണ് രാമകൃഷ്ണന്‍ നടത്തിയത്. കെ. സുധാകരന്‍ ഡി.സി.സി പ്രസിഡന്റായത് പ്രവര്‍ത്തകരെ വിരട്ടിയും തോക്കും ബോംബും കാണിച്ചുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. രക്തസാക്ഷില്‍ ഫണ്ടില്‍ നിന്നും സുധാകരന്‍ തിരിമറി നടത്തിയെന്നും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാമകൃഷ്ണനെ തടഞ്ഞുവയ്ക്കുകയായിരുന്നു.