സ്റ്റേജില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കര്‍ണനിലെ കുന്തിയാണ് തന്റെ മനസില്‍ തട്ടിയ നാടക കഥാപാത്രമെന്ന് നടി കെ.പി.എ.സി ലളിത. സുലോചനച്ചേച്ചിയാണ് തന്നെ അസൂയപ്പെടുത്തിയ നടിയെന്നും അവര്‍ വെളിപ്പെടുത്തി. ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ ‘മുഖാമുഖം’ പരിപാടിയില്‍ കെ.പി.എ.സി ലളിത വ്യക്തമാക്കി.

ഇഷ്ടപ്പെട്ട നാടക കഥാപാത്രങ്ങള്‍ എണ്ണിയാല്‍ തീരില്ല. കര്‍ണനിലെ കുന്തിയോട് പ്രത്യേക താല്‍പര്യമുണ്ട്. അതിശയിപ്പിച്ച നടി, നടന്മാര്‍ ഒട്ടേറെയുണ്ടെങ്കിലും താന്‍ ഗുരുവായി കാണുന്ന സുലോചനേച്ചിയാണ് അസൂയപ്പെടുത്തിയ നടി. മത്സരബുദ്ധി അകത്തുണ്ടാകുമെന്നല്ലാതെ ലീലയായാലും ഭവാനിയായാലും കെ.പി. ഉമ്മറായാലും എല്ലാവരും ബഹുമാന്യരായിരുന്നുവെന്നും കെ.പി.എ.സി ലളിത പറഞ്ഞു.

Subscribe Us:

പുതിയ അവതരണ രീതി ചിട്ടപ്പെടുത്തിയാല്‍ മാത്രമേ  നാടകങ്ങള്‍ക്ക് നഷ്ട പ്രതാപം വീണ്ടെടുക്കാനാവൂ. സിനിമയെ കവച്ചുവെക്കുന്ന സീരിയര്‍ ഭ്രമമാണ് നാടകം അവഗണിക്കപ്പെടാന്‍ ഇടയാക്കിയത്.  സിനിമയുടെയും സീരിയലുകളുടെയും കുത്തൊഴുക്കില്‍ നാടകം ഒഴുകിപ്പോകുമോയെന്ന പേടിയുണ്ട്.  മണിക്കൂറുകളോളം സീരിയലുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്ന പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തലത്തിലേക്ക് നാടകാവതരണം ഉയരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഭരതേട്ടന്റെയും സിദ്ധാര്‍ത്ഥിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചേട്ടന്റെ പടവുമായി തട്ടിക്കുമ്പോള്‍ സിദ്ധാര്‍ഥിന്റെ പടത്തില്‍ രണ്ട് കാലഘട്ടങ്ങളുടെ മാറ്റമാണ് പ്രകടമാകുന്നത്. പോപ്പുലാരിറ്റിക്കുവേണ്ടി സിനിമയില്‍ എത്തുന്ന സ്ത്രീകള്‍ അതുപോലെ തിരിച്ചുപോകുന്നതുകൊണ്ടാണ് പ്രായമുള്ള നായകന്മാര്‍ക്ക് കൊച്ചു കുട്ടികളോടൊപ്പം അഭിനയിക്കേണ്ട സാഹചര്യമുണ്ടാകുന്നത്. അതിന് നായകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളൊക്കെ ഉപജീവന മാര്‍ഗം കൂടിയായാണ് സിനിമയെ കണ്ടത്. അതുകൊണ്ടുതന്നെ ഏറെക്കാലം രംഗത്ത് തുടര്‍ന്നെന്നും അവര്‍ വ്യക്തമാക്കി.

‘മതിലുകളി’ലെ ശബ്ദാനുഭവത്തിന്റെ മാര്‍ക്ക് മുഴുവന്‍ കൊടുക്കേണ്ടത് അടൂര്‍ ഗോപാലകൃഷ്ണനാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് ശബ്ദം. മതിലുകളിലെ നാരായണിക്ക് ശബ്ദം നല്‍കാന്‍ ഞാന്‍തന്നെ നാലുപേരെ അടൂരിനടുത്തേക്ക് പറഞ്ഞയച്ചിരുന്നു. അതൊന്നും അടൂരിന് പിടിച്ചില്ല. അവസാനം അത് ഞാന്‍തന്നെ ചെയ്യണമെന്നായി. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ സൗണ്ട് എഞ്ചിനിയര്‍ പറഞ്ഞു ‘ ഇതുവരെ 26 നാരായണിമാര്‍ വന്നുപോയി. 27ാമത്തെ നാരായണി വന്നപ്പോള്‍ ശബ്ദത്തിന് ജീവന്‍വെച്ചു!’ ഇതൊരു വല്ലാത്ത അനുഭവമായിരുന്നു. കെ.പി.എ.സി ലളിത പറയുന്നു.

Malayalam News

Kerala News In English

innale enthayirunnu pani