തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള ദിലീപിനെ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. മാധ്യമം ദിനപത്രത്തോടായിരുന്നു കെ.പി.എസി ലളിതയുടെ പ്രതികരണം


Also Read: ഹാദിയ കേസ്; സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമീഷന്‍


‘ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കും. താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ല’ കെ.പി.എസി ലളിത പറഞ്ഞു

സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണായ ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിനെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നിന്ന് രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ തന്റെ നിലപാട് ലളിത വ്യക്തമാക്കിയത്.


Dont Miss: ‘മേഖല യുദ്ധത്തിലേക്കോ’; ഉത്തര കൊറിയക്ക് മുകളില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍


സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് ലളിതയെ മാറ്റണമെന്നു ദീപന്‍ ശിവരാമന്‍ ആവശ്യപ്പെട്ടിരുന്നു. മോശമായ നടപടിയാണ് അവരില്‍ നിന്നു ഉണ്ടായതെന്നും തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും ദീപന്‍ പറഞ്ഞിരുന്നു.

അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തും ലളിതക്കെതിരെ രംഗത്ത് വന്നിരുന്നു. ക്രിമിനല്‍ കേസില്‍ ജയിലില്‍ കിടക്കുന്ന വ്യക്തിക്ക് അനുകൂലമായി വൈകാരികാന്തരീക്ഷം ഒരുക്കുന്ന നടപടിയാണെന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം.