മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസുമായി ബന്ധപ്പെട്ട് ലീഗിനെതിരെ ഇന്ന് ചാനലുകളിലൂടെ രംഗത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ലപ്പുറത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചാനലുകളിലൂടെ രംഗത്തുവന്ന കാസര്‍കോഡുളള സി.അഹമ്മദ് കുഞ്ഞി 1972ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ആളാണ്. വിവിധ പാര്‍ട്ടികളില്‍ നിന്ന് തെറ്റിപോകുന്നവരൊക്കെ വിളിച്ച് പറയുന്നത് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തായ ഷാജഹാന്‍ വിളിച്ചുപറയുന്നതെല്ലാം അച്യുതാനന്ദനെതിരെ ചര്‍ച്ച ചെയ്യപ്പെടേണ്ടി വരുമെന്നും മജീദ് പറഞ്ഞു.

ഞങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നിയമസഭാ തിരഞെടുപ്പില്‍ ലീഗിന് രണ്ട് സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലായിരുന്നെന്ന കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയെ സംബന്ധിച്ചുള്ള ചോദ്യത്തിന്; നിരവധി പാര്‍ട്ടികള്‍ ഇത്തരം അവകാശവാദവുമായി രംഗത്തുവന്നിട്ടുണ്ടെന്നും കാന്തപുരത്തിന്റെ പ്രസ്താവനയെ കാര്യമാക്കുന്നില്ലെന്നും മജീദ് പറഞ്ഞു.

നിയമസഭ സമ്മേളനം കഴിയുന്നതോടെ മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം ലഭിക്കുക തന്നെ ചെയ്യും. ഇതിനായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മജീദ് വ്യക്തമാക്കി.

കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരനും ഭാര്യക്കും പങ്കാളിത്തമുള്ള മലബാര്‍ അക്വോ ഫാമിന്റെ പേരില്‍ കൊച്ചി എം.ജി റോഡിലെ എസ്.ബി.ഐ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചതായി ദാമോദരന്റെ ജൂനിയര്‍ അഭിഭാഷകനും ഗുമസ്തനും നടത്തിയ വെളിപ്പെടുത്തലുകളും ടി.വി ചാനലുകള്‍ ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു.