എഡിറ്റര്‍
എഡിറ്റര്‍
കോ ലീ ബിയില്‍ തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് കൂടെച്ചേര്‍ന്നപ്പോള്‍ കുതികാല്‍ വെട്ടി തോല്‍പ്പിച്ചു: കെ പി ഉണ്ണികൃഷ്ണന്‍
എഡിറ്റര്‍
Thursday 16th February 2017 5:06pm

തിരുവനന്തപുരം: ആറ് വട്ടം വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ച തന്നെ ഏഴാം തവണ തോല്‍പ്പിച്ചത് സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് തന്നെയാണന്ന വെളിപ്പെടുത്തലുമായി പ്രമുഖ നേതാവ് കെ പി ഉണ്ണികൃഷ്ണന്‍. താന്‍ ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പറയുകയാണെന്നും സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന വാരികയിലെ അഭിമുഖത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേയും രൂക്ഷ പരാമര്‍ശങ്ങളുണ്ട്. വി.പി സിംഗ് മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്നു കെ.പി ഉണ്ണികൃഷ്ണന്‍. 1984 ല്‍ കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് (എസ്) ലേക്ക് മാറിയ ഉണ്ണികൃഷ്ണന്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് തിരികെ വന്നിരുന്നു.


Also Read: ‘പുലയന്‍’ വിലക്കപ്പെട്ട വാക്കോ? പുലയന് എന്ന് പേരിട്ടതിന് കോളേജ് മാഗസിന് മാനേജ്‌മെന്റിന്റെ വിലക്ക്


1996ലാണ് ഉണ്ണികൃഷ്ണന്‍ വടകരയില്‍ തോറ്റത്. തന്നെ തോല്‍പ്പിച്ചതില്‍ കെ കരുണാകരന് പങ്കുണ്ട് എന്നാണ് മനസിലാക്കിയതെന്നും എന്നാല്‍ അതിന്റെ പേരില്‍ വഴക്കുണ്ടാക്കാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു. ‘അത്രയും ചെയ്യും എന്നൊന്നും ഞാന്‍ കരുതിയില്ല എന്നതാണ് വാസ്തവം. കോണ്‍ഗ്രസ് എവിടെയെത്തി എന്ന് എനിക്ക് അതോടെ മനസിലായി. ഞാന്‍ പോയപ്പോഴത്തെ കോണ്‍ഗ്രസല്ല തിരിച്ചു വന്നപ്പോള്‍. പണ്ടൊന്നും കോണ്‍ഗ്രസ് ഈ നിലയിലായിരുന്നില്ല. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കുമായിരുന്നു. അല്ലാതെ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാരനെ തോല്‍പ്പിക്കുന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. ഇത് അവര്‍ ചെയ്തു. കരുണാകരന്റെ പങ്ക് ഞാന്‍ പിന്നീടാണ് മനസിലാക്കിയത്.’

1991ലെ തെരഞ്ഞെടുപ്പില്‍ കോ-ലീ-ബി(കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സഖ്യം ഉണ്ടായിട്ടും തന്നെ ജയിപ്പിച്ചതില്‍ വലിയ പങ്ക് വഹിച്ചത് മുസ്‌ലിം ചെറുപ്പക്കാരും സ്ത്രീകളുമാണന്ന് കെ പി ഉണ്ണികൃഷ്ണന്‍ പറയുന്നു. ജയിച്ചത് ഓരോ ഇഞ്ചിലും മുസ്‌ലിം ചെറുപ്പക്കാരും സ്ത്രീകളും പൊരുതിയതുകൊണ്ടാണ്. പിന്നെ സിപിഎമ്മിന്റെ സംഘടനാ ശേഷി മുഴുവന്‍ ഉപയോഗിച്ച് കൂടെ നിന്നു. കോണ്‍ഗ്രസുകാരെപ്പോലെ അവര്‍ പിന്നില്‍ നിന്നു കുത്തിയില്ല. എനിക്കു തന്നെ ജയത്തേക്കുറിച്ച് സംശയമുണ്ടായിരുന്നു. പൊരുതുമ്പോഴും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അന്ന് തോല്‍പ്പിക്കാന്‍ സാധിക്കാതിരുന്നതിലെ കണക്ക് പിന്നീട് അവരുടെ ഒപ്പം ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ തീര്‍ത്തു.


Also Read: കമാലിനി മുഖര്‍ജിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സദാചാരവാദികള്‍; ഫോട്ടോഷോപ്പില്‍ ശരീരഭാഗം മറച്ച് മനോരമ


ആ സമയമായപ്പോഴേക്കും കരുണാകരന് കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ പിടി വന്നുകഴിഞ്ഞിരുന്നു. ഇവിടുത്തെ കോണ്‍ഗ്രസിന്റെ സ്വഭാവവും മാറി. ഞങ്ങളൊക്കെ മാറി നിന്ന സമയംകൊണ്ടാണ് കരുണാകരന്‍ കോണ്‍ഗ്രസില്‍ ഒരു പ്രധാന ഘടകമായത്. കരുണാകരന്‍ ശരിക്കും പണ്ടൊക്കെ ഒരു നല്ല കോണ്‍ഗ്രസുകാരനായിരുന്നുവെങ്കിലും കേന്ദ്രത്തിലും കുടുംബ രാഷ്ട്രീയം നടക്കുന്നു എന്ന് കണ്ടപ്പോഴായിരിക്കും ഇവിടെ തനിക്കും അത് ആകാമെന്ന് തീരുമാനിച്ചത് എന്നാണ് ഉണ്ണികൃഷ്ണന്റെ നിരീക്ഷണം. ‘ഉണ്ണികൃഷ്ണാ, ഈ കുട്ടികള്‍ ഒന്നും പഠിക്കുന്നില്ല, എന്താ ഞാന്‍ ചെയ്യുക എന്ന്’ കെ മുരളീധരനെയും പത്മജയെയും കുറിച്ച് തന്നോടു പറഞ്ഞിട്ടുണ്ട്. അതായിരുന്നു അദ്ദേഹത്തിന് ഒരു സമയത്തെ വലിയ ഉത്കണ്ഠ എന്നും കെ പി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു.

Advertisement