Categories

അടിവാരത്ത് വീണ്ടും അക്രമം: പോലീസ് ആകാശത്തേക്ക് വെടിവച്ചു

kozhikkode

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താലിനിടെ കോഴിക്കോട് വീണ്ടും സംഘര്‍ഷം.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ അടിവാരത്താണ് സമരം വീണ്ടും അക്രമാസ്‌കതമായ നിലയിലേക്ക് നീങ്ങിയിരിക്കുന്നത്. കലാപം നിയന്ത്രിക്കാനെത്തിയ എസ.പിഡി.വൈ.എസ്.പി, റൂറല്‍ എസ്.പി എന്നിവര്‍ക്കതിരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സമരക്കാര്‍ തടഞ്ഞ് വച്ചു. എസ്.പി. പി. എച്ച് അഷ്‌റഫ്, ഡി.വൈ എസ് പി ജയ്‌സണ്‍ എബ്രഹാം എന്നിവരടങ്ങുന്ന സംഘത്തെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്.  ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പിന്നീട് തകര്‍ത്തു.

തുടര്‍ന്ന് അക്രമം അഴിച്ചു വിട്ട ഹര്‍ത്താലനുകൂലികളെ പിരിച്ചുവിടാനായി പോലീസ് മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. ഇതിനായി പോലീസ് ഗ്രനേഡും പ്രയോഗിച്ചതായാണ് സൂചന.

സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കാന്‍ കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ നാട്ടുകാരും പോലീസുകാരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അടിവാരത്ത് സംഘര്‍ഷം നടക്കുന്നതറിഞ്ഞെത്തിയ എസ്.പി. പി. എച്ച് അഷ്‌റഫ്, ഡി.വൈ എസ് പി ജയ്‌സണ്‍ എബ്രഹാം എന്നിവര്‍ക്കെതിരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിയുകയായിരുന്നു.

കല്ലെറിഞ്ഞ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കല്ലറിഞ്ഞവരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച്് പോലീസ് വാഹനം നാട്ടുകാര്‍ തടയുകയായിരുന്നു.

ഇവരെ ബന്ദിയാക്കി വച്ച പ്രതിഷേധക്കാര്‍ വാഹനത്തിന് ചുറ്റും ടയറും മറ്റും വച്ച് കത്തിച്ച് പുറത്തിറങ്ങാനനുവദിക്കാത്ത സാഹചര്യം സൃഷ്ടിച്ചു. തുടര്‍ന്നാണ് പോലീസ് ആകാശത്തേക്ക് വെടിവച്ചത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിക്കാനും പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല.

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.

രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tagged with: