കൊച്ചി: കോഴിക്കോട് ഇരട്ടസ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീറിനെ ഒന്നാംപ്രതിയാക്കിയിട്ടുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 7 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

കേസിലെ അഞ്ചാംപ്രതി അബ്ദുള്‍ ജലീലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷമ്മി ഫിറോസ്, ഷഫാസ്, കെ പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവരാണ് മറ്റുപ്രതികള്‍. രാജ്യത്തിനെതിരേ യുദ്ധം, ഗൂഢാലോചന, വധശ്രമം തുടങ്ങി നിരവധി കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളചത്. നേരത്തേ ഷമ്മി ഫിറോസ് കേസില്‍ മാപ്പുസാക്ഷിയാകാനുള്ള താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

2006 മാര്‍ച്ച് 3 ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. തുടര്‍ന്ന് കേസ് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏജന്‍സി ഏറ്റെടുക്കുന്ന ആദ്യകേസായിരുന്നു ഇത്.