കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിന് വീണ്ടും ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷന്റെ ചുവപ്പ് കാര്‍ഡ്. കോഴിക്കോട്് സ്‌റ്റേഡിയത്തിന് ഐ ലീഗ് മത്സരങ്ങള്‍ നടത്താനുള്ള നിലവാരമില്ലെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഗ്രൗണ്ടിലെ പുല്ലിന്റെ ശോചനീയാവസ്ഥയും ഡ്രസ്സിംഗ് റൂമിലെ അസൗകര്യവും ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന് കത്തയച്ചിരിക്കയാണ്.

വിവ-സാല്‍ഗോക്കര്‍ മല്‍സരത്തിലെ മാച്ച് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ ഐ എഫ് എഫ് കേരള ഫുട്‌ബോള്‍ അസോസിയേഷനും വിവാ കേരളക്കും കത്തയച്ചത്. ഗ്രൗണ്ട് നന്നായി നനക്കണമെന്നും ഡ്രസ്സിംഗ് റൂമില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഗ്രൗണ്ട് നനക്കാന്‍ കോര്‍പറേഷന്‍ ആവശ്യത്തിന് വെള്ളം തരുന്നില്ലെന്നാണ് കെ ഡി എഫ് എയുടെ പരാതി. സ്‌റ്റേഡിയത്തിലേക്ക് വെള്ളമെടുത്തിരുന്ന ഏക കിണറില്‍ ഇപ്പോള്‍ വെള്ളമില്ല. ഇതിനിടെ സ്റ്റേഡിയത്തിലെ ഫഌഡ്‌ലിറ്റ് തകരാറിലായത് വിവാദമായതും തിരിച്ചടിയാവുകയായിരുന്നു.