കോഴിക്കോട്: ശക്തമായ മുസ്‌ലിം വോട്ടുകളുള്ള കോഴിക്കോട് കോര്‍പറേഷനില്‍ എസ്.ഡി.പി.ഐക്ക് ലഭിച്ചത് നിസ്സാരമായ വോട്ടുകള്‍. മുസ്‌ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ പോലും വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രമാണ് അവര്‍ക്ക് മൂന്നക്കം കാണാന്‍ കഴിഞ്ഞത്.

കോര്‍പറേഷനില്‍ 14 വാര്‍ഡുകളിലാണ് എസ്.ഡി.പി.ഐ മത്സരിച്ചത്. എന്നാല്‍ പാര്‍ട്ടിക്ക് ലഭിച്ച ആകെ വോട്ട് 1294 മാത്രമാണ്. മിക്കയിടങ്ങളിലും ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ച വാര്‍ഡുകളില്‍ എസ്.ഡി.പി.ഐക്ക് പത്തില്‍ താഴെയാണ് ലഭിച്ചത്. ഇവിടെ എസ്.ഡി.പി.ഐ ലീഗിന് വോട്ട് മറിച്ചുവെന്നാണ് ആരോപണം. കപ്പക്കല്‍ വാര്‍ഡില്‍ ലഭിച്ച 326 വോട്ടുകള്‍ മാത്രമാണ് അല്‍പമെങ്കലും അവര്‍ക്ക് ആശ്വാസം നല്‍കുന്നത്.

ചക്കുംകടവ്, പയ്യാനക്കല്‍ പോലുള്ള മുസ്‌ലിം പോക്കറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് മൂന്നക്കം കടന്ന് വോട്ട് ലഭിച്ചത്. ചക്കും കടവില്‍ 134 വോട്ടും പയ്യാനക്കലില്‍ 143 വോട്ടും നോടി. എലത്തൂരിലും പൊക്കുന്നിലും മൂന്ന് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അരക്കിണര്-44, ചക്കുംകടവ്-134,ചെട്ടികുളം-93,എടക്കാട്-24,എലത്തൂര്‍-3,കപ്പക്കല്‍-326,കൊമ്മേരി-92,മാത്തോട്ടം-147,മായനാട്-77,മുഖദാര്‍-84,പയ്യാനക്കല്‍-143, പൊക്കുന്ന്-3, വെള്ളയില്‍-91, വെസ്റ്റ്ഹില്‍-33 എന്നീ നിലയിലാണ് എസ്.ഡി.പി.ഐക്ക് വോട്ട് ലഭിച്ചത്.