എഡിറ്റര്‍
എഡിറ്റര്‍
പി.ബി പാനലില്‍ വി.എസിന്റെ പേരില്ല; ഇനി തീരുമാനിക്കേണ്ടത് കേന്ദ്രകമ്മിറ്റി
എഡിറ്റര്‍
Monday 9th April 2012 10:16am

കോഴിക്കോട്:  പുതിയ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ വി.എസ് അച്യുതാനന്ദന്‍ ഉണ്ടാവാനിടയില്ലെന്ന് സൂചന. പുതിയ പി.ബി അംഗങ്ങളെ നിര്‍ദേശിച്ച് പോളിറ്റ് ബ്യൂറോ ഇന്നലെ തയ്യാറാക്കിയ പാനലില്‍ വി.എസിന്റെ പേരില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ വി.എസിനെ പി.ബിയില്‍ തിരിച്ചെടുക്കാന്‍ ശക്തമായി വാദിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് വി.എസിനെ തഴയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

വി.എസിന്റെ പി.ബി പ്രവേശം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ പി.ബിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റി ചോദ്യം ചെയ്യുന്ന പതിവ് സി.പി.ഐ.എമ്മിലില്ല. സംഘടനാ റിപ്പോര്‍ട്ടില്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയശേഷമാണ് പുതിയ കേന്ദ്രകമ്മിറ്റിയേയും പി.ബി അംഗങ്ങളേയും തിരഞ്ഞെടുക്കുക.

കേരളത്തില്‍ നിന്നും പി.ബിയിലേക്ക്  പുതിയ അംഗങ്ങള്‍ ആരുമില്ലെന്നാണ് സൂചന. അതേസമയം ബംഗാളില്‍ നിന്ന് സൂര്യകാന്ത് മിശ്ര പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിനെത്താത്ത ബുദ്ധദേവ് ഭട്ടാചാര്യയെ പി.ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2008ലെ കോയമ്പത്തൂര്‍പാര്‍ട്ടി കോണ്‍ഗ്രസില്‍ 15അംഗ പൊളിറ്റ് ബ്യൂറോയാണ് തിരഞ്ഞെടുത്തത്. ഇതില്‍ എം കെ പാന്ഥെ അന്തരിച്ചു. 2009ലാണ് വി എസ് അച്യുതാനന്ദനെ പി.ബിയില്‍ നിന്നും പുറത്താക്കിയത്.

അതിനിടെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിക്കാണമെന്ന ഭേദഗതിയും കേന്ദ്രകമ്മിറ്റി പരിശോധിക്കുന്നുണ്ട്. എണ്‍പതു വയസ്സുകഴിഞ്ഞവരെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക ക്ഷണിതാവോ മറ്റോ ആയി മാറ്റണമെന്നാണ് ഭേദഗതി. ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ വി.എസ് കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെടും.

Advertisement