കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തകരായ സ്മിത എസ്സിനെയും കെ.പി ലിജുകുമാറിനെയും സദാചാര പോലീസ് ആക്രമിച്ച സംഭവത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ രംഗത്ത്.

Ads By Google

കഴിഞ്ഞ ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലായിരുന്നു ലിജുകുമാറിനും ഭാര്യക്കും നേരെ സദാചാര പോലീസ് ആക്രമണമുണ്ടായത്. കോഴിക്കോട് ചേവായൂരിലെ ഇവരുടെ വാടകവീട്ടില്‍ എത്തിയ സമീപത്തെ സദാചാര പോലീസുകാര്‍ ഇവരെയും കൂടെയുണ്ടായിരുന്ന ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നു.

ചൊവ്വായഴ്ച്ച സ്മിതയുടെ വീട്ടിലെത്തിയ സ്മിതയുടെ സഹോദരനെയും പെണ്‍സുഹൃത്തിനെയും അസഭ്യം പറയുകയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്ത സംഘം ഒടുവില്‍ റസിഡന്റ് അസോസിയേഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് പിരിഞ്ഞ് പോവുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ സ്മിതയുടെ സഹോദരിയെയും അക്രമികള്‍ വെറുതെ വിട്ടില്ല. ഇവരെയും തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു.

അതേസമയം, പരാതിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെത്തിയ ലിജുകുമാറിനോടും സ്മിതയോടും സി.ഐ പ്രേംദാസും മോശമായി പെരുമാറിയതായും പരാതിയുണ്ട്. പരാതിയുമായി ചെന്ന സ്മിതയോട് ‘ നീയെന്താ വേശ്യവൃത്തിക്കാണോ വീട് എടുത്തത്’ എന്നായിരുന്നു സി.ഐ യുടെ ചോദ്യം. പരാതിയുടെ രസീത് നല്‍കാന്‍ പോലും സി.ഐ തയ്യാറായില്ല എന്നും ഇവര്‍ ആരോപിക്കുന്നു.

പാരാതിയുമായി ചെന്ന സ്ത്രീയോട് മോശമായി പെരുമാറിയ സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നീതിയും നിയമവും സംരക്ഷിക്കേണ്ട ചുമതലയുള്ള പോലീസ് നിയമം കയ്യിലെടുക്കാന്‍ സദാചാര പോലീസുകാരായ സാമൂഹ്യ വിരുദ്ധര്‍ക്ക് അനുവാദം നല്‍കിയിരിക്കുകയാണെന്നും പെണ്‍കൂട്ട് ആരോപിച്ചു.