കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച വിദ്യാര്‍ഥി പോലീസ് സംസ്ഥാന വ്യാപകമാക്കാന്‍ ധാരണ. മറ്റ് ജില്ലകളിലേക്ക് കുട്ടിപ്പോലീസിനെ വ്യാപിപ്പിക്കാനുളള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. എന്‍ സി സി കേഡറ്റിനെ കലോത്സവ ഡ്യൂട്ടിക്കായി വിട്ട് കിട്ടാതിരുന്നപ്പോഴാണ് കുട്ടിപ്പോലീസ് എന്ന ആശയം ഉടലെടുത്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്രീജിത്താണ് ആശയം മുന്നോട്ട് വെച്ചത്.

കോഴിക്കോട് ടാഗോര്‍ ഹാളില്‍ കലോത്സവം നിയന്ത്രിച്ച ഇരുനൂറോളം സ്റ്റ്യൂഡന്റ് പോലീസ് അംഗങ്ങളെ സര്‍ക്കാര്‍ ആദരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാര്‍ട്ടിയും കലാ വിരുന്നും സംഘടിപ്പിച്ചു.

ട്രാഫിക് നിയന്ത്രണം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളിലേക്കും കുട്ടിപ്പോലീസിന്റെ സേവനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി പ്രത്യേക പരിശീലനവും ആലോചിക്കുന്നുണ്ട്.