Administrator
Administrator
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി
Administrator
Saturday 9th January 2010 9:30am

kalolsavam-logoകോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ചരിത്രമുറങ്ങുന്ന കോഴിക്കോട് കൊടിയേറി. രാവിലെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ മുഹമ്മദ് ഹനീഷാണ് പതാക ഉയര്‍ത്തിയത്. പതിനാറ് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കയാണ്.

കലയെ ഹൃദയം കൊണ്ട് ഏറ്റവുവാങ്ങുന്ന കോഴിക്കോട്ട് പതിനായിരത്തോളം കുട്ടികള്‍ സര്‍ഗലോകം തുറക്കും. ഒരാഴ്ച കോഴിക്കോട് ഉത്സവ ലഹരിയിലാണ്. ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ആരംഭിക്കും. തെയ്യവും തിറയുമടക്കം മലബാറിന്റെ കലാസാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അരങ്ങേറും. വൈകിട്ട് അഞ്ചരയോടെ മാനാഞ്ചിറ മൈതാനത്ത് ഘോഷയാത്ര സമാപിക്കും. ശേഷം ഉദ്ഘാടന ചടങ്ങ് നടക്കും.

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളക്ക് സാക്ഷിയാകുന്നതിന് ഒന്നരലക്ഷത്തോളം പേര്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടല്‍. ദിവസേന പന്ത്രണ്ടായിരം പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കുക. മത്സരാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിക്കുന്നതിനായി പ്രത്യേക പോലീസ് സംരക്ഷണത്തോടെ സ്ഥല സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഏഴും പെണ്‍കുട്ടികള്‍ക്ക് ഒന്‍പതും സ്‌കൂളുകളിലാണ് താമസ സൗകര്യം.

കോട്ടയം സ്വദേശിയായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള എഴുപത്തിയഞ്ചംഗ സംഘത്തിനാണ് പാചകത്തിന്റെ ചുമതല. എല്ലാ ദിവസവും പായസം അടക്കമുളള വിഭവങ്ങള്‍ ഉണ്ടാവും. കലോത്സവ വേദിയുടെ സുരക്ഷിതത്വത്തിനായി പ്രത്യേക പോലീസ് സന്നാഹവും ഏര്‍പ്പെടുത്തി കഴിഞ്ഞു.

Advertisement