Categories

കോഴിക്കോട് ജിദ്ദ വിമാനം മേഘച്ചുഴിയില്‍പെട്ടു; യാത്രക്കാര്‍ പരിഭ്രാന്തരായി

sജിദ്ദ: റിയാദ് വഴി ജിദ്ദയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ എസ്.വി 885 വിമാനം മേഘച്ചുഴിയില്‍പ്പെട്ട് മിനിറ്റുകളോളം ആടിയുലഞ്ഞത് യാത്രക്കാരെ പരിഭ്രാന്തരാക്കി. മരണത്തെ മുഖാമുഖം കണ്ട അനുഭവങ്ങളുമായാണ് യാത്രക്കാര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് വിമാനം കോഴിക്കോട്ട് നിന്ന് പുറപ്പെട്ടത്. സൗദി സമയം മൂന്നരയോടെ വലിയൊരു വിഭാഗം യാത്രക്കാര്‍ റിയാദില്‍ ഇറങ്ങുകയുണ്ടായി. അതിന് ശേഷം 75-80 യാത്രക്കാരാണ് ലക്ഷ്യത്തില്‍ എത്തുന്നതിന് 150 കിലോമീറ്റര്‍ മുമ്പ് മേഘച്ചുഴിയില്‍പ്പെട്ടതെന്ന് യാത്രക്കാരിലൊരാളായ കൊണ്ടോട്ടിക്കടുത്തുള്ള മുതുവല്ലൂര്‍ സ്വദേശി മുഹമ്മദ് പറഞ്ഞു. നാലഞ്ചുതവണ വിമാനം പെട്ടെന്ന് താഴുകയും ആടിയുലയുകയും ചെയ്തപ്പോള്‍ മറിയുകയാണെന്ന് പേടിച്ച് യാത്രക്കാര്‍ നിലവിളിക്കാന്‍ തുടങ്ങി. നാലാം തവണ വിമാനം ഒരു ഭാഗത്തേക്ക് ചെരിഞ്ഞു മറിയുകയാണെന്ന പ്രതീതി സൃഷ്ടിച്ചപ്പോള്‍ എയര്‍ ഹോസ്റ്റസ്മാര്‍ പോലും നിലവിളിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് പ്രത്യേക അറിയിപ്പോ എന്താണ് സംഭവിക്കുന്നതെന്ന വിശദീകരണമോ ഉണ്ടായില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞാഴ്ച ജിദ്ദയില്‍ നിന്നും റിയാദിലേക്ക് പുറപ്പെട്ട സൗദിയുടെ വിമാനം ഇതുപോലെ എയര്‍ പോക്കറ്റില്‍പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.