തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരത്തിന് നേരെ അസി.കമ്മീഷണര്‍ കെ.രാധാകൃഷ്ണപിള്ള വെടിവെച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജയകുമാര്‍ കോഴിക്കോടെത്തി തെളിവെടുത്തിരുന്നു. ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്‍, ഡി.ഐ.ജി എസ്.ശ്രീജിത്ത്, സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, നോര്‍ത്ത് അസി. കമ്മീഷണര്‍ കെ.രാധാകൃഷ്ണപിള്ള, ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലീം, തഹസില്‍ദാര്‍ എന്‍.എം.പ്രേംരാജ് തുടങ്ങിയവര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് തെളിവ് നല്‍കിയിരുന്നു.

നേരത്തേ വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി ജേക്കബ് പുന്നൂസ് വെടിവയ്പിനെ ന്യായീകരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് പൊലീസിനു പുറത്തുനിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്.