sebastian-paulഡോ. സെബാസ്റ്റിയന്‍ പോള്‍

നുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ ജസ്റ്റിസ് ജെ.ബി കോശി ഒരു റിട്ടയേഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ്. വളരെ കാഷ്വല്‍ ആയി സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരോ പ്രതികരിക്കുന്നതുപോലെ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രതികരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം വഹിക്കുന്ന സമുന്നതമായ പദവി ആവശ്യപ്പെടുന്ന സംയമനം, ഔചിത്യം അതദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ പാലിച്ചതായി കാണുന്നില്ല എന്നത് നിര്‍ഭാഗ്യകരമായിപ്പോയി.

മനുഷ്യാവകാശ കമ്മീഷന്‍ സാധാരണ കോടതിപോലെ പ്രവര്‍ത്തിക്കേണ്ട ഒന്നല്ല. മനുഷ്യാവകാശം സംരക്ഷിക്കാന്‍ പ്രത്യേകം പ്രതിജ്ഞാബദ്ധമായ ഒന്നാണ്. എന്ന് പറഞ്ഞാല്‍, ഭരണകൂടത്തിനെതിരെ പൗരസമൂഹത്തിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. അദ്ദേഹം ടെലവിഷനില്‍ കണ്ടു എന്ന് പറയുന്ന ഏതോ ഒരു ദൃശ്യത്തെ ആസ്പദമാക്കി വളരെ വ്യക്തമായി തന്റെ നിലപാട് വ്യക്തമാക്കിയത് ഒട്ടും ശരിയായിട്ടില്ല. പോലീസുകാര്‍ക്ക് അവകാശങ്ങളുണ്ട്, അവര്‍ക്ക് സ്വയരക്ഷയ്ക്ക് തോക്കുപയോഗിക്കാമെന്ന കാര്യമൊന്നും അദ്ദേഹം നമുക്ക് പഠിപ്പിച്ചു തരേണ്ട കാര്യമില്ല.

കോഴിക്കോട് നാം കണ്ടത് പോലീസുകാര്‍ ആക്രമിക്കപ്പെട്ടു എന്നതില്‍ ഉപരിയായി, വിദ്യാര്‍ഥികളെ പോലീസുകാര്‍ എങ്ങനെ അതിക്രൂരമായി കൈകാര്യം ചെയ്തു എന്നതാണ്. പ്രത്യേകിച്ച് വിദ്യാര്‍ഥി നേതാവ് ബിജുവിനെ. ജസ്റ്റിസ് കോശി ഇപ്പോള്‍ പറയുന്നത് വെച്ചു, ആത്മരക്ഷാര്‍ത്ഥം പോലീസുകാരെ വിദ്യാര്‍ത്ഥികള്‍ക്കും ആയുധമുപയോഗിച്ച് ആക്രമിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അതും ജസ്റ്റിസ് കോശിക്ക് ന്യായീകരിക്കേണ്ടി വരുമായിരുന്നു. നിരായുധരായ വിദ്യാര്‍ഥികളെ, കുട്ടികളെ എങ്ങനെ പോലീസ് കൈകാര്യം ചെയ്തു എന്നതാണ് നാം ദൃശ്യമാധ്യമാങ്ങളില്‍ക്കൂടി കണ്ടത്.

വാസ്തവത്തില്‍ ഭരണകൂടത്തിനെതിരെ കലഹിക്കാന്‍, കലാപം നടത്താന്‍ പോലുമുള്ള അവകാശങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെട്ട ഒന്നാണ്. തങ്ങള്‍ക്കു ശരിയെന്നു തോന്നുന്ന ഒരു വിഷയത്തില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ നിരായുധരായി അവിടെക്കൂടിയ വിദ്യാര്‍ഥികളെ പോലീസുകാര്‍ വേട്ടയാടി. പോലീസ് ഉദ്യോഗസ്ഥന്‍ തല്ലിച്ചതയ്ക്കുകയും അനുമതി പോലുമില്ലാതെ പിസ്റ്റല്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടി വെക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ കേരളം കണ്ടതാണ്. എന്നിട്ടും പോലീസുകാരെ ന്യായീകരിച്ചത് ശരിയായില്ല.

പോലീസ് എന്നത് ഭരണകൂടത്തിന്റെ സായുധഹസ്തമാണ്. ഭരണകൂടത്തിനു അത്യാചാരങ്ങളും അതിക്രമങ്ങളും നടത്തിക്കൊടുക്കുന്ന ഏജന്‍സിയാണ് പോലീസ്

വാസ്തവത്തില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ പരിശോധിക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തശേഷം അതിന്റെ അടിസ്ഥാനത്തില്‍ മാത്രം മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് വിധി പറയേണ്ട മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍, താനവിടെ പോയിട്ടില്ല, കണ്ടിട്ടില്ല ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സമ്മതിച്ചുകൊണ്ട് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഇത് മോശമായിപ്പോയി. മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഉന്നതമായ പദവിക്ക് നിരക്കാത്ത ഒരു പ്രതികരണമാണ് ജസ്റ്റിസ് കോശി ഇന്ന് നടത്തിയത്.

ജസ്റ്റിസ് ജെ.ബി കോശി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന കാലത്തൊന്നും മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ തല്‍പ്പരനായ ന്യായാധിപനാനെന്നു നമ്മള്‍ കേട്ടിട്ടില്ല. യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന, ഭരണകൂടത്തെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. അതദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ഔദ്യോഗികപദവിയെ സ്വാധീനിച്ചതാകാം. ഈ കാലത്ത്, എന്ന് പറയുമ്പോള്‍ അവിടെ നടക്കുന്നത് ഏറെക്കുറെ പൂര്‍ണ്ണമായി തത്സമയം തന്നേ കണ്ടുകൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യാവകാശ കമ്മീഷന്‍ ഒരു പരാതി ഉണ്ടാവുന്നതുവരെ കാത്തിരിക്കാതെ കമ്മീഷന്‍ ചെയര്‍മാനോ അംഗങ്ങളോ അവര്‍ യോജിച്ചോ സ്ഥലം സന്ദര്‍ശിക്കുകയും അത് പഠിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ഇവിടെ സംഭവം നടന്ന ദിവസം തന്നേ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ ശ്രീ.ഗംഗാധരന്‍ ഒരഭിപ്രായം പറഞ്ഞിട്ടുണ്ട്. അതില്‍നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് ഇന്ന് ചെയര്‍മാന്‍ നടത്തിയത്. സംഭവത്തില്‍ കമ്മീഷനില്‍ തന്നേ അഭിപ്രായ ഭിന്നത ഉണ്ടെന്ന ധാരണ ഉണ്ടാകത്തക്ക രീതിയില്‍ ആയിരുന്നില്ല അദ്ദേഹം പ്രതികരിക്കേണ്ടിയിരുന്നത്. കാര്യങ്ങള്‍ മനസിലാക്കാതെ, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് തീര്‍ത്തും അനവസരത്തിലും അനാവശ്യവുമായ അഭിപ്രായപ്രകടനവുമായിപ്പോയി ഇത്.

ഭരണകൂടത്തിന്റെ അതിക്രമങ്ങളില്‍പ്പെടുന്ന പൗരന് മനുഷ്യാവകാശ സംരക്ഷണം നല്‍കേണ്ടത് കമ്മീഷനാണ്. അതിനുവേണ്ടിത്തന്നെയാണ് പാര്‍ലിമെന്റ് നിയമം പാസാക്കുകയും മനുഷ്യാവകാശ കമ്മീഷനുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് പോലീസിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം കമ്മീഷനില്ല. പോലീസ് എന്നത് ഭരണകൂടത്തിന്റെ സായുധഹസ്തമാണ്. ഭരണകൂടത്തിനു അത്യാചാരങ്ങളും അതിക്രമങ്ങളും നടത്തിക്കൊടുക്കുന്ന ഏജന്‍സിയാണ് പോലീസ്. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ പോലീസ് മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കേണ്ടത്. അതിനുപകരം ഇപ്പോഴും, അന്വേഷനഘട്ടം പൂര്‍ത്തീകരിക്കാത്ത വിഷയത്തില്‍ മുന്‍വിധിയോടെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അന്വേഷണത്തെപ്പോലും സ്വാധീനിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തില്‍നിന്നും ഇനി പൂര്‍ണ്ണമായ നീതി, ഈ വിഷയത്തിലോ സമാനമായി ഇനി സംഭവിക്കാനിടയുള്ള വിഷയങ്ങളിലോ ഉണ്ടാവില്ല എന്ന ധാരണ പടര്‍ത്താനും അദ്ദേഹത്തിന്റെ അപക്വമായ പ്രതികരണം കാരണമായിട്ടുണ്ട്.