കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് നഗരം എല്‍.ഡി.എഫ് കഷ്ടിച്ച് പിടിച്ചു. 41 വാര്‍ഡുകളില്‍ വിജയിച്ച് എല്‍.ഡി.എഫ് കേവല ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു. അതേസമയം യു.ഡി.എഫിന് 34 സീറ്റുകള്‍ ലഭിച്ചു. കോഴിക്കോട്,മെഡിക്കല്‍ കോളജ്, ചേവായൂര്‍ മേഖലകളിലെ വോട്ടുകളാണ് അവസാന നിമിഷം എല്‍.ഡി.എഫിന് തുണയായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് എല്‍.ഡി.എഫിന് ആശ്വാസം നല്‍കിക്കൊണ്ട് വിജയമുണ്ടായത്.

കോര്‍പറേഷന്റെ ഭാഗമായിരുന്ന പഴയ വാര്‍ഡുകളില്‍ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പുതുതായി കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളാണ് എല്‍.ഡി.എഫ് വിജയത്തില്‍ നിര്‍ണായകമായത്.

കോഴിക്കോട് കോര്‍പറേഷനില്‍ കഴിഞ്ഞ തവണ ഏഴ് സീറ്റ് മാത്രം വിജയിച്ച യു.ഡി.എഫ് ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്തിയത്. ഇരുമുന്നണികളുടെയും മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. യു ഡി എഫിന്റെ മേയര്‍സ്ഥാനാര്‍ത്ഥി എം ടി പത്മ ചാലപ്പുറത്തു നിന്നും എല്‍ ഡി എഫ് മേയര്‍സ്ഥാനാര്‍ത്ഥി എം കെ പ്രേമജം പൊറ്റമ്മലിലും വിജയിച്ചു.

വടകര നഗരസഭ എല്‍ ഡി എഫ് നിലനിര്‍ത്തി. ആകെയുള്ള 47 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ എല്‍ ഡി എഫ് ഭരണം നലനിര്‍ത്തി. 27 സീറ്റുകല്‍ നേടിയാണ് എല്‍ ഡി എഫ് ഭരണത്തിലെത്തിയത്. 19 സീറ്റുമായി യു ഡി എഫ് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ ഒരു സീറ്റ് കോണ്‍ഗ്രസ് വിമതന്‍ നേടി.

സി പി ഐ എം വിമതരും ഐ എന്‍ എലും സോഷ്യലിസ്റ്റ് ജനതയും ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഇടതുപക്ഷം മികച്ച വിജയം നേടിയിരിക്കുന്നത്.

കൊയിലാണ്ടി നഗരസഭയില്‍  ഫലം വന്ന 16 സീറ്റുകളില്‍ 14 ഇടത്ത് എല്‍.ഡി.എഫും 2 ഇടത്ത് യു.ഡി.എഫും വിജയിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ ആകെ 44 വാര്‍ഡുകളാണുള്ളത്.