എഡിറ്റര്‍
എഡിറ്റര്‍
താടിവെച്ചാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍
എഡിറ്റര്‍
Friday 15th February 2013 5:30pm

കോഴിക്കോട്: താടി വെച്ചാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍. കോഴിക്കോട് കല്ലായി ഗണപത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധികൃതരാണ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിത്യനോട് താടി വെച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന നിബന്ധന വെച്ചിരിക്കുന്നത്.

Ads By Google

വിദ്യാര്‍ത്ഥികള്‍ താടി വെക്കുന്നത് സ്‌കൂളിന്റെ അച്ചടക്കത്തെ സാരമായി ബാധിക്കുന്നതാണെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് പ്രിന്‍സിപ്പാള്‍ പി.എന്‍ ബാലഗോപാലനും പി.ടി.എ പ്രസിഡന്റ് എ.ടി മാമുക്കോയയും പറയുന്നത്.

താടിയില്ലാത്ത ഫോട്ടോ നല്‍കിയാല്‍ മാത്രമേ ഹാള്‍ ടിക്കറ്റ് നല്‍കൂ എന്ന നിലപാടിലായിരുന്നു. ഒടുവില്‍ പഴയ മോഡല്‍ താടിയുള്ള ഫോട്ടോ നല്‍കിയാണ് ആദിത്യന് ഹാള്‍ ടിക്കറ്റ് നല്‍കിയത്. എന്നാല്‍ മോഡല്‍ പരീക്ഷ നടക്കുന്ന സമയത്തോ മറ്റോ ഇങ്ങനെയൊരു കാര്യം അറിയിച്ചിട്ടില്ലെന്നാണ് ആദിത്യന്‍ പറയുന്നത്.

സ്‌കൂള്‍ അധികൃതരുടെ ഈ തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്ന് കയറ്റമാണ്. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഇത്തരത്തിലൊരു നടപടി തനിക്കെതിരെ സ്വീകരിക്കുന്നത് കടുത്ത മാനസിക പ്രശ്‌നത്തിലേക്ക് തള്ളിവിടുന്നതാണെന്നും ആദിത്യന്‍ പറഞ്ഞു.

താടി വെച്ചവരെ പൊതുപരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ഹയര്‍ സെക്കണ്ടറി നിയമാവലികളില്‍ ഒന്നും തന്നെ പറയുന്നില്ല. ആദിത്യന്റെ പിതാവ് കെ.വി ഷാജിയും മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പതിനേഴ് വയസ്സുള്ള തന്റെ മകന് താടി വന്നത് അവന്റെ കുറ്റം കൊണ്ടല്ല, താടി വെച്ചത് കൊണ്ട് പരീക്ഷയ്ക്ക് ഇരുത്തില്ലെന്ന് പറയുന്നത് അധികൃതരുടെ പിടിവാശിയാണ്. ഫാഷന്‍ താടി സ്‌കൂളില്‍ അനുവദിക്കുന്നില്ലെന്ന് മാനേജ്‌മെന്റ് പറയുമ്പോള്‍ ഏതൊക്കെയാണ് അത്തരം താടികളെന്ന് കൂടി വ്യക്തമാക്കണമെന്നും ഷാജി പറയുന്നു.

കുട്ടികളെ മാനസിക പിരിമുറുക്കത്തിലേക്ക് തള്ളിവിടുന്ന ഇത്തരം നടപടികള്‍ കുട്ടിയുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. ഹയര്‍സെക്കണ്ടറി നിയമാവലിയില്‍ ഒന്നും പറയാത്ത ഇത്തരം കാര്യം അച്ചടക്കത്തിന്റെ പേരില്‍ കുട്ടികളുടെ മേല്‍ സ്‌കൂള്‍ അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ആദിത്യന്റെ പിതാവ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Advertisement