എഡിറ്റര്‍
എഡിറ്റര്‍
കളക്ടര്‍ ബ്രോയെ മാറ്റി; കോഴിക്കോട്ടെ പുതിയ കളക്ടര്‍ യു.വി ജോസ്
എഡിറ്റര്‍
Wednesday 15th February 2017 11:30am

തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ മാറ്റി. ടൂറിസം ഡയരക്ടറായ യു.വി ജോസാണ് പുതിയ കളക്ടര്‍. മന്ത്രിസഭാ യോഗത്തിലാണ് കളക്ടറെ മാറ്റിയതായി തീരുമാനമായത്.

അതേസമയം പ്രശാന്തിന് നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ധാരണയായില്ല.

അതേസമയം തന്റെ സ്ഥാനമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നാണ് കലക്ടറുടെ പ്രതികരണം. ‘രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലംമാറ്റമാണിതെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

‘അതൊന്നും ശരിയല്ല ബ്രോസ്!’ എന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതില്‍ ഗൂഢാലോചന വായിച്ചെടുത്തും പോസ്റ്റിട്ടവര്‍ക്ക് അദ്ദേഹം നല്‍കുന്ന മറുപടി.

എം.കെ രാഘവന്‍ എം.പിയും പ്രശാന്തുമായുള്ള തര്‍ക്കങ്ങള്‍ ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.

സോഷ്യല്‍മീഡിയ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വരെ രാഘവന്‍ എം.പി പറഞ്ഞിരുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്തിയ എന്‍. പ്രശാന്ത് മാപ്പ് പറയണമെന്ന എം.കെ രാഘവന്റെ ആവശ്യത്തിന് പിന്നലെ കുന്നംകുളത്തിന്റെ മാപ്പ് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തും വലിയ വിവാദമായിരുന്നു.

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍ തടസ്സം നില്‍ക്കുകയാണെന്ന് പറഞ്ഞ എംപി പരാമര്‍ശം പിന്‍വലിച്ച് കലക്ടര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കുന്നംകുളത്തിന്റെ മാപ്പും ബുള്‍സ് ഐയുടെ ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ്് ചെയ്യുകയായിരുന്നു.
പൊതുജനം ഭൂമിശാസ്ത്രമറിയാന്‍ വേണ്ടിയാണ് കുന്നംകുളത്തിന്റെ മാപ്പ് ഫെയ്സ്ബുക്കിലിട്ടതെന്നും ഇതിനെയെല്ലാം പക്വതയോടെ കാണണമെന്നായിരുന്നു ഇതിന് എന്‍ പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് കളക്ടര്‍ക്കതിരെ എം കെ രാഘവന്‍ മുഖ്യമന്ത്രിക്കും ചീഫ് സക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.


Dont Miss ആമിയില്‍ മഞ്ജുവാര്യരെ നായികയാക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടോ? പ്രതികരണവുമായി കമല്‍


കഴിഞ്ഞ ഏതാനും ആഴ്ചകളായി കോഴിക്കോട് ജില്ലയില്‍ റവന്യൂ റിക്കവറി നടപടികള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി കോടതി സ്‌റ്റേ ഉണ്ടെന്ന് പറഞ്ഞ് മാറ്റിവെച്ച ചില പ്രബലരുടെ കോടിക്കണക്കിന് രൂപയുടെ ഭൂമിയുടെ രേഖ പരിശോധിക്കുകയും സ്‌റ്റേ ഇല്ലെന്ന് മനസിലാക്കിയവയില്‍ ജപ്തി നടപടികള്‍ തുടങ്ങുകയും ചെയ്‌തെന്ന് കളക്ടര്‍ തന്നെ പറഞ്ഞിരുന്നു. ഇത്തരം വന്‍മരങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവുണ്ടെങ്കില്‍ ഫേസ്ബുക്കിലൂടെ അറിയാക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് ജില്ലയില്‍ നിന്നും സര്‍ക്കാരിന് വിവിധ ഇനങ്ങളിലായി ഈ സാമ്പത്തിക വര്‍ഷം കിട്ടാനുള്ള 50 കോടിയോളം രൂപ റവന്യു ഉദ്യോഗസ്ഥര്‍ ഇതിനകം പിടിച്ചെടുത്തെന്നും വിദ്യാഭ്യാസ ലോണുകളും ചെറു കാര്‍ഷിക ലോണുകളും തവണ തെറ്റിയ ചെറു വായ്പകള്‍ക്കും പിന്നാലെ പോവാതെ കോടിക്കണക്കിന് രൂപ സര്‍ക്കാരില്‍ അടവാക്കാതെ വിലസിയിരുന്ന പ്രബലന്മാരെ ലക്ഷ്യം വെച്ചുള്ള സ്‌പെഷല്‍ ഡ്രൈവാണ് ഫലവത്തായതെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

Advertisement