കാഞ്ഞങ്ങാട്: ഗള്‍പില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നുയാളെ ട്രെയിനില്‍വെച്ച് കൊള്ളയടിച്ചു. അബുദാബിയില്‍ നിന്ന് നാട്ടിലേക്കുവരികയായിരുന്ന നീലേശ്വരം കോട്ടപ്പുറത്തെ ടി.കുഞ്ഞബ്ദുല്ലയാണ് കവര്‍ച്ചക്കിരയായത്. കോഴിക്കോട് വിമാനമിറങ്ങി ഫറൂഖില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ്പാസഞ്ചറില്‍ കയറിയതായിരുന്നു അബ്ദുല്ലയും കുടുംബവും. ഭാര്യ മറിയംബി മക്കളായ അസനത്ത്, ഹര്‍ഷിം എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

കൊയിലാണ്ടിയില്‍ വണ്ടിനിര്‍ത്തിയ ഉടന്‍ ഒരാള്‍ പെട്ടിയെടുത്ത് ഓടുകയായിരുന്നുവെന്ന് കുഞ്ഞബ്ദുല്ല പറഞ്ഞു. പിറകെ ഓടിയ കുഞ്ഞബ്ദുല്ല വണ്ടിയില്‍ കുടുംബമുള്ളതിനാല്‍ തിരികെവന്നു. കഷണ്ടിയുള്ള ഉയരംകൂടിയ ഒരാളാണ് പെട്ടി എടുത്തതെന്നും കുഞ്ഞബ്ദുള്ളപറഞ്ഞു. ഒരു പവനുള്ള കൈച്ചങ്ങല, തുണിത്തരങ്ങള്‍ , 100 ദിര്‍ഹം, ചെക്ക്ബുക്ക്, ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് രേഖ തുടങ്ങിയയാണ് നഷ്ടപ്പെട്ടത്. വടകര റെയില്‍വേ സ്‌റ്റേഷനില്‍ വിവരമറിയിച്ചശേഷം കണ്ണൂര്‍ റെയില്‍വേ പോലീസിന് പരാതി നല്‍കി.