Categories

കൊയിലാണ്ടി:സി.പി.ഐ.എമ്മില്‍ പൊട്ടിത്തെറി,നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജി നല്‍കി

c.p.i.m

കോഴിക്കോട്: കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ സി.പി.ഐ.എമ്മില്‍ പൊട്ടിത്തെറി രൂക്ഷം.

സംഭവത്തില്‍ പ്രതിഷേധിച്ച്  സി.പി.ഐ.എം നേതാവ് കെ.ശാന്ത കൊയിലാണ്ടി  നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു. കൊയിലാണ്ടി നഗരസഭയിലെ പത്ത് സി.പി.ഐ.എം കൗണ്‍സിലര്‍മാരും എന്‍.വി ബാലകൃഷ്ണനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജി വക്കുന്നുണ്ട്.

മുന്‍ ഏരിയ സെക്രട്ടറിക്കെതിരായ നടപടി ശരിയായില്ലെന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പാര്‍ട്ടിയെ എല്ലാം അറിയിച്ചിട്ടുണ്ടെന്നും കെ.ശാന്ത പറഞ്ഞു.

പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്വവും രാജിവച്ച അവര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണനാണ് രാജിക്കത്ത് കൈമാറിയത്.

ഇതിനിടയില്‍ രാജിവച്ച എന്‍.വി ബാലകൃഷ്ണനുമായി ആര്‍.എം.പി നേതൃത്വം കൂടിക്കാഴ്ച്ച നടത്തി. ആര്‍.എം.പിയോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നഭ്യര്‍ത്ഥിച്ചായിരുന്നു കൂടിക്കാഴ്ച്ച.

പാര്‍ട്ടിക്കെതിരെ ലേഖനങ്ങളെഴുതി എന്നാരോപിച്ചാണ് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫോര്‍ പിഎം, ഡെയ്‌ലി ട്രൈബ്യൂണ്‍ എന്നീ പത്രങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫു കൂടിയായ ബാലകൃഷ്ണന്‍ ഫോര്‍ പിഎമ്മില്‍ എല്‍.ഡി.എഫിന്റെ സോളാര്‍ സമരം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെ ആസ്പദമാക്കി ലേഖനമെഴുതുകയും പലപ്പോഴായി നൂറിലധികം തവണ പാര്‍ട്ടിക്കെതിരായി എഴുതുകയും ചെയ്തു എന്നാണ് പാര്‍ട്ടിയുടെ ആരോപണം.

ഫോര്‍ പിഎം ന്യൂസില്‍ വന്ന ‘കാറ്റു പോയ തുമ്പപ്പൂ വിപ്ലവം’ എന്ന ലേഖനം താന്‍ എഴുതിയതല്ലെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേഖനം എഴുതിയത് ദേവദാസ് ചെറുകാട് എന്നയാളാണെന്ന് പത്രവും വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം തീരുമാനിക്കുകയായിരുന്നു. ഏരിയാ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിലുറച്ചു നിന്നിട്ടും ജില്ലാ നേതൃത്വം നടപടി സസ്‌പെന്‍ഷനിലൊതുക്കുകയായിരുന്നു.

മുണ്ടൂരും ഒഞ്ചിയവും പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണവും കഞ്ഞിക്കുഴിയിലെ വിമത സ്വരം തീര്‍ത്ത കളങ്കവുമെല്ലാം മാഞ്ഞു പോകും മുമ്പാണ് പാര്‍ട്ടി നേതൃത്വത്തിന് ഇത്തരമൊരു തിരിച്ചടി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൊയിലാണ്ടിയില്‍ നിന്നു തന്നെ ലഭിക്കുന്നത്.

ബാലകൃഷ്ണനെതിരെ എടുത്ത നടപടി വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ഇതേ ചൊല്ലി പിണറായി വി.എസ് പക്ഷങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റവും നടന്നു.

നടപടി വിശദീകരിക്കാന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളേയും ബ്രാഞ്ച് സെക്രട്ടറിമാരേയും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.

യോഗത്തില്‍ സ്വാഗതം പറയാനായി നിലവിലെ ഏരിയാ സെക്രട്ടറി കെ.കെ മുഹമ്മദ് എഴുന്നേറ്റതോടെ ബാലകൃഷ്ണനെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു.

മുഹമ്മദ് സ്വാഗതം പറയേണ്ടെന്നും മുഹമ്മദിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഹമ്മദിനെ അനുകൂലിക്കുന്ന വിഭാഗവും ഇവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.

ബാലകൃഷ്ണനെതിരായ നടപടിയില്‍ എതിര്‍പ്പുള്ളവര്‍ക്ക് നടപടിക്കെതിരായി അപ്പീല്‍ പോകാമെന്നും അപ്പീല്‍ പോയാല്‍ ബാലകൃഷ്ണന് തിരിച്ച് പാര്‍ട്ടിയില്‍ വരാവുന്നതേയുള്ളൂവെന്നും നടപടി വിശദീകരിക്കാനെത്തിയ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ദക്ഷിണാ മൂര്‍ത്തി പറഞ്ഞിരുന്നു.

എന്നാല്‍ യോഗം ബഹിഷ്‌കരിച്ച് ഒരംഗം ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് വാക്കേറ്റം തീര്‍ക്കുകയും യോഗം തുടരുകയും ചെയ്തിരുന്നു.

സാമ്പത്തിക ക്രമക്കേടില്‍ ബാലകൃഷ്ണന് പാര്‍ട്ടി താക്കീത് നല്‍കിയതും തുടര്‍ന്ന് ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി, കെ.കെ മുഹമ്മദിനെ സെക്രട്ടറിയായി നിയമിച്ചതുമെല്ലാം മുമ്പേ കൊയിലാണ്ടി ഏരിയാ കമ്മറ്റിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Tagged with: |