എഡിറ്റര്‍
എഡിറ്റര്‍
മുണ്ടൂരിനും ഒഞ്ചിയത്തിനും പുറകേ കൊയിലാണ്ടിയും: സമന്വയ തന്ത്രവുമായി ജില്ലാ നേതൃത്വം
എഡിറ്റര്‍
Saturday 4th January 2014 12:46pm

cpim-flag

കോഴിക്കോട്: മുണ്ടൂരിനും ഒഞ്ചിയത്തിനും ശേഷം കൊയിലാണ്ടിയിലും സി.പി.ഐ.എമ്മില്‍ വിമത സ്വരം.

കൊയിലാണ്ടി മുന്‍ ഏരിയാ കമ്മറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍്ഡ് ചെയ്ത സാഹചര്യത്തിലാണ് കൊയിലാണ്ടി ഏരിയാ കമ്മറ്റിയില്‍ ചേരി തിരിവ് പ്രകടമായിരിക്കുന്നത്.

ബാലകൃഷ്ണനെതിരെ ഉണ്ടായിരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് വി.എസ് പക്ഷം പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.

പാര്‍ട്ടിക്കെതിരെ ലേഖനങ്ങളെഴുതി എന്നാരോപിച്ചാണ് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഫോര്‍ പിഎം ന്യൂസില്‍ വന്ന ‘കാറ്റു പോയ തുമ്പപ്പൂ വിപ്ലവം’ എന്ന ലേഖനം താന്‍ എഴുതിയതല്ലെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേഖനം എഴുതിയത് ദേവദാസ് ചെറുകാട് എന്നയാളാണെന്ന് പത്രവും വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം തീരുമാനിക്കുകയായിരുന്നു. ഏരിയാ കമ്മറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിലുറച്ചു നിന്നിട്ടും ജില്ലാ നേതൃത്വം നടപടി സസ്‌പെന്‍ഷനിലൊതുക്കുകയായിരുന്നു.

മുണ്ടൂരും ഒഞ്ചിയവും പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണവും കഞ്ഞിക്കുഴിയിലെ വിമത സ്വരം തീര്‍ത്ത കളങ്കവുമെല്ലാം മാഞ്ഞു പോകും മുമ്പാണ് പാര്‍ട്ടി നേതൃത്വത്തിന് ഇത്തരമൊരു തിരിച്ചടി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൊയിലാണ്ടിയില്‍ നിന്നു തന്നെ ലഭിക്കുന്നത്.

ബാലകൃഷ്ണനെതിരെ എടുത്ത നടപടി വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ഇതേ ചൊല്ലി പിണറായി വി.എസ് പക്ഷങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റവും നടന്നു.

നടപടി വിശദീകരിക്കാന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളേയും ബ്രാഞ്ച് സെക്രട്ടറിമാരേയും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.

യോഗത്തില്‍ സ്വാഗതം പറയാനായി നിലവിലെ ഏരിയാ സെക്രട്ടറി കെ.കെ മുഹമ്മദ് എഴുന്നേറ്റതോടെ ബാലകൃഷ്ണനെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു.

മുഹമ്മദ് സ്വാഗതം പറയേണ്ടെന്നും മുഹമ്മദിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഹമ്മദിനെ അനുകൂലിക്കുന്ന വിഭാഗവും ഇവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.

ബാലകൃഷ്ണനെതിരായ നടപടിയില്‍ എതിര്‍പ്പുള്ളവര്‍ക്ക് നടപടിക്കെതിരായി അപ്പീല്‍ പോകാമെന്നും അപ്പീല്‍ പോയാല്‍ ബാലകൃഷ്ണന് തിരിച്ച് പാര്‍ട്ടിയില്‍ വരാവുന്നതേയുള്ളൂവെന്നും നടപടി വിശദീകരിക്കാനെത്തിയ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ദക്ഷിണാ മൂര്‍ത്തി പറഞ്ഞിരുന്നു.

എന്നാല്‍ യോഗം ബഹിഷ്‌കരിച്ച് ഒരംഗം ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് വാക്കേറ്റം തീര്‍ക്കുകയും യോഗം തുടരുകയും ചെയ്തിരുന്നു.

സാമ്പത്തിക ക്രമക്കേടില്‍ ബാലകൃഷ്ണന് പാര്‍ട്ടി താക്കീത് നല്‍കിയതും തുടര്‍ന്ന് ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി, കെ.കെ മുഹമ്മദിനെ സെക്രട്ടറിയായി നിയമിച്ചതുമെല്ലാം മുമ്പേ കൊയിലാണ്ടി ഏരിയാ കമ്മറ്റിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Advertisement