കോവിലന്‍ : വേര് പരതിയ എഴുത്തുകാരന്‍
Discourse
കോവിലന്‍ : വേര് പരതിയ എഴുത്തുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd June 2010, 1:38 pm

സുധീര്‍

മലയാണ്മയുടെ സര്‍ഗ ഭൂമികകളില്‍ ഗോത്രപരമായ വിമോചന രാഷ്ട്രീയത്തിന്റെ അക്ഷരവഴികള്‍ തുറന്നിട്ട മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനായിരുന്നു കോവിലന്‍. സ്വന്തം വേരിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ആഴങ്ങള്‍ അപഹസിക്കപ്പെട്ട സമകാലീനതയില്‍ പ്രതിരോധത്തിന്റെ സര്‍ഗാത്മക വഴികളാരായുകയായിരുന്നു കോവിലന്‍ തന്റെ രചനകളിലൂടെ.

സാഹിത്യത്തിന്റെ ഇടങ്ങളില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന സവര്‍ണധാരണകള്‍ ചോദ്യം ചെയ്യപ്പെടുകയോ അപനിര്‍മിക്കപ്പെടുകയോ ചെയ്യാനാകാത്ത ഘട്ടത്തിലാണ്, ഗോത്രാനുഭവങ്ങള്‍ തിടം വക്കുന്ന സ്വന്തം മണ്ണിന്റെ നിലപാടുതറയില്‍ വേരുകളുറപ്പിച്ച്,കോവിലന്‍ തന്റെ അക്ഷരങ്ങളെ സാംസ്‌കാരികമായി പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനക്കൂട്ടത്തിന്റെ വിമോചന ചിന്തകളിലേക്ക് പ്രയോജനപ്പെടുത്തിയത്.

സാവര്‍ണ്യത്തിന്റെ ചര്യകളാല്‍ അസ്ഥിത്വ ശിഥീലീകരണത്തിന് വിധേയമായ ദ്രാവിഢതയെ അതിന്റെ പൂര്‍കാല ശുദ്ധിയോടെ അക്ഷരകലയിലേക്ക് പരാവര്‍ത്തനം ചെയ്യുകയായിരുന്നു കോവിലന്‍ തന്റെ തോറ്റങ്ങള്‍, തട്ടകം തുടങ്ങിയ കൃതികളിലൂടെ. തകര്‍ക്കപ്പട്ട സാംസ്‌കാരികമായ ആ ദ്രാവിഢ വിശുദ്ധികള്‍ എന്നും കോവിലനെ കൊതിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അക്ഷരങ്ങളിലൂടെയെങ്കിലും സാംസ്‌കാരികമായ ആ ധന്യതകളുടെ വീണ്ടെടുപ്പിന് കോവിലന്‍ ആവര്‍ത്തിച്ച് പരിശ്രമിച്ചത്. പ്രാകൃതികമായ മനുഷ്യന്റെ ആത്മബന്ധങ്ങളെ മറ്റേതോ സംസ്‌കാരങ്ങളുടെ കടന്നാക്രമണങ്ങള്‍ ഉടച്ചു കളഞ്ഞ സ്വന്തം സ്വത്വ ഭൂമികകളില്‍ നിന്നുകൊണ്ട്്് ഗതകാല സംസ്‌കൃതിയുടെ വിരല്‍ ചിത്രങ്ങളെ അക്ഷരങ്ങളിലൂടെ അദ്ദേഹം നിരന്തരം പുനരുജ്ജവിപ്പിക്കാന്‍ ശ്രമിച്ചു.

ആ സംസകൃതിയുടെ ആദിമ വിശുദ്ധികളില്‍ അദ്ദേഹം ഊറ്റം കൊണ്ടു. അങ്ങനെ അടിയിലായി അമര്‍ന്നുപോയ, ആദിമ വിശുദ്ധമായ, ദ്രാവിഢതയുടെ തോറ്റങ്ങളായി കോവിലന്റെ അക്ഷരക്കൂട്ടങ്ങള്‍. മലയാള കഥാസാഹിത്യത്തിന്റെ ആഖ്യാനപരമായ ഇടങ്ങളിലും കോവിലന്‍ വിപ്ലവാത്മകമായി ഇടപെട്ടു. പൂര്‍വ്വസൂരികള്‍ പങ്കുവച്ച യഥാതതത്വത്തിന്റെ ആഖ്യാന വഴികളില്‍ പിച്ചവെച്ചെങ്കിലും പിന്നീട് യഥാതതത്വത്തിന്റെ ആഖ്യാനവഴികള്‍ ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹം രചനയുടെ പുതുവഴികള്‍ തേടി. ബോധധാരാ രചനാ സങ്കേതത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരില്‍ കോവിലന്‍ അങ്ങനെ പ്രഥമഗണനീയനായി.

സ്വന്തം സ്വത്വത്തില്‍ സ്മൃതികളായും വിസ്മൃതികളായും അവശേഷിക്കുന്ന സാംസ്‌കാരിക യാഥാര്‍ഥ്യങ്ങളേയും പുരാവൃത്തങ്ങളേയും ലയാത്മകമായി ആവിഷ്‌കരിക്കാന്‍ ബോധധാരാ രചനാരീതികളുടെ ഇടങ്ങളെ പ്രയോജനപ്പെടുത്തുമ്പോഴും രചനയുടെ ഘടനാപരമായ ലഘുത്വം കാക്കാനും ആസ്വാദനത്തെ പ്രതിരോധിക്കുന്ന രചനാപരമായ സങ്കീകര്‍ണതകളെ അതിജീവിക്കാനും കോവിലനായി. അങ്ങനെ പണ്ഡിത-പാമര ഭേദമില്ലാതെ ദ്രാവിഢതയുടെ മൂല്യപരമായ ഔന്നത്യങ്ങള്‍ കോവിലന്‍ അനുവാചകര്‍ക്ക്്് അനുഭവവേദ്യമാക്കി. സ്വന്തം ഗോത്ര ബോധ്യങ്ങളുടെ തട്ടകം വിട്ട്, വിധിയുടെ അനിവാര്യമായ വിരാമ വിധികള്‍ക്ക് വഴങ്ങി ,കോവിലന്‍ പടിയിറങ്ങിയെങ്കിലും തന്റെ അക്ഷരങ്ങളിലൂടെ അദ്ദേഹം പങ്കുവച്ച ഗോത്ര വിഹ്വലതകള്‍ ഒടുങ്ങുകയില്ല.