Administrator
Administrator
കോവിലന്‍ തന്ന പഴം
Administrator
Thursday 1st July 2010 3:13pm

യുവ കഥാകൃത്ത് വിഎച്ച് നിഷാദ് കോവിലനെ ഓര്‍ക്കുന്നു

ട്ടകം വായിച്ച് ചൂടുമാറിക്കഴിഞ്ഞിട്ടില്ലാതെ ഒരു മധുര പതിനെട്ടുകാലത്താണ് സക്ഷാല്‍ കോവിലനെ കാണാന്‍ പുലിമടയിലേക്കുതന്നെ ഒരു യാത്രയ്ക്ക് ഒരുങ്ങിയത്. കാലം 1997, യുവ കഥാകൃത്തുക്കള്‍ക്കായി തൃശൂര്‍ അംങ്കണം സാംസ്കാരിക വേദി സംഘടിപ്പിച്ച ഒരാഴ്ച്ചത്തെ കഥാക്യാമ്പിലായിരുന്നു ഞങ്ങള്‍. എഴുത്തില്‍ ശ്രദ്ധേയരായ കെ. പി അനൂപ്, ഷീജാ വക്കം, പ്രശാന്ത് ടി വളളിക്കുന്ന് തുടങ്ങി നിരവധിപേര്‍ പങ്കെടുത്ത ഒരു സൌഹൃദ കൂട്ടം.

ക്യാമ്പിനിടയില്‍ ഒരു ദിവസത്തെ യാത്ര കോവിലന്‍റെ വീട്ടിലേക്കാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മഴയില്‍ പൊട്ടിവിരിഞ്ഞ കൂണുകളെപോലെ ഞങ്ങള്‍ എല്ലാവരും പെട്ടന്ന് സന്തോഷിച്ച് വെളുത്തു. പുലിമടപോലെതന്നെയുളള  മുനിമടയ്ക്കടുത്ത് കണ്ടാണിശ്ശേരിയിലെ പുല്ലാനിക്കുന്നില്‍ ബസ്സിറങ്ങി കോവിലന്‍റെ വീട്ടിലേക്ക് നടക്കുമ്പോള്‍ എഴുത്തില്‍ പിച്ചവച്ചുമാത്രം തുടങ്ങിയിരുന്ന ഞങ്ങള്‍ക്ക് ശ്വാസം മാത്രം വിടാമെന്ന മട്ടിലുളള ഒരു ഹൃദയം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പട്ടാള ജീവിതം, മലയാള സാഹിത്യത്തിലേക്ക് സര്‍ഗാത്മകത നിറച്ച തന്‍റെ ഇരട്ട ബാരല്‍ കുഴല്‍ തോക്കുവച്ച് പൊട്ടിച്ച വെടികള്‍…

ഞങ്ങളേവരേയും അമ്പരപ്പിച്ചുകൊണ്ട് ഒരു വലിയ പന്തലിട്ടിരുന്നു കോവിലന്‍റെ വീട്ടുമുറ്റത്ത്. യുവഎഴുത്തുകാരെ സ്വീകരിക്കാനായിരുന്നു അത്. പന്തലില്‍ കസേരയിട്ട് കോവിലന് ചുറ്റും ഞങ്ങളിരുന്നു. വെളുത്ത താടിയില്‍ തേജസ് പിരിഞ്ഞ് അതിന് പുറത്ത് ഒരു കുസൃതി ചിരികൂടി മൂടിവന്നു നിന്നപ്പോള്‍ കോവിലന്‍ എന്ന് ഭീഷ്മ പിതാമഹന്‍ പൂര്‍ത്തിയായി. ഞങ്ങളവിടെ ക്ലാസ്മുറിയിലെ കുട്ടികളായി.

കോവിലന്‍ പലതും സംസാരിക്കുകയുണ്ടായി.പട്ടാള ജീവിതം, മലയാള സാഹിത്യത്തിലേക്ക് സര്‍ഗാത്മകത നിറച്ച തന്‍റെ ഇരട്ട ബാരല്‍ കുഴല്‍ തോക്കുവച്ച് പൊട്ടിച്ച വെടികള്‍… എന്നിങ്ങനെപോയി ആ സംസാരം. ഇടയ്ക്ക് പഴവും ചായയുമെത്തി. കോവിലന്‍റെ ഭാര്യ യശോദാമ്മ ഇതെല്ലാം കണ്ട് ആഹ്ലാദിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്ക് ഞങ്ങളിലാരോ “തട്ടക”ത്തിന്‍റെ രചനാ വേളയെക്കുറിച്ച് ഒരു ചോദ്യമിട്ടു.

” എഴുതുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു അനുഭൂതിയാണ്. “തട്ടകം” എഴുതുമ്പോള്‍ എല്ലാം മറന്ന് ഞാന്‍ രാവും പകലും എഴുതിക്കൊണ്ടിരുന്നു. പലപ്പോഴും ഭക്ഷണം പോലും മറന്നു. ഭാര്യ എന്‍റെ കൈപിടിച്ച് ഭക്ഷണത്തിന് മുന്‍പിലിരുത്തുമായിരുന്നു. വയറു നിറയുന്നതുപോലും അറിഞ്ഞിരുന്നില്ല. വീണ്ടും എഴുത്തിലേക്ക്… ഭക്ഷണത്തിനായുളള ഈ കൈപിടിച്ച് നടത്തലൊഴിച്ചാല്‍ ഞാന്‍ പൂര്‍ണ്ണമായും “തട്ടക” ത്തിന്‍റെ രചനയ്ക്കകത്തായിരുന്നു.

കോവിലന്‍ വീടിനു മുന്‍പിലുളള വിടര്‍ന്നുകിടന്ന ഒരു വലിയ ചാരുകസേരയിലിരുന്നുകൊണ്ടായിരുന്നു സംസാരം, മലയാളത്തിന്‍റെ മുതിര്‍ന്ന കാര്‍ണവരെപോലെ… സംസാരം തീര്‍ന്നപ്പോള്‍ ഓട്ടോഗ്രാഫിനായി ഞങ്ങള്‍ കോവിലനുചുറ്റും കൂടി. ഷീജാ വക്കത്തോട് മാതൃഭൂമി ബാലപംക്തിയിലെ കവിതകള്‍ കാണുമ്പോള്‍  ഏതാണീകുട്ടിയെന്ന് ചിന്തിക്കാറുണ്ടായിരുന്നു എന്നു പറഞ്ഞു.

എന്‍റെ ഓട്ടോഗ്രാഫിന്‍റെ പേജില്‍ പേനവെയ്ക്കുന്നതിന് മുന്‍പ് എവിടെയാണ് വീട് എന്ന് അന്വേഷിച്ചു.

“പരിയാരം”

ഞാന്‍ മറുപടി പറഞ്ഞു.

വിറയ്ക്കുന്ന കൈകളാല്‍ അദ്ദേഹം എഴുതി

” പരിയാരം എപ്പോഴും ഓര്‍ക്കാറുണ്ട്”

അന്ന് അദ്ദേഹം എന്തിനാണ് അങ്ങനെ കുറിച്ചിട്ടതെന്ന് എനിക്കിന്നും അറിയില്ല. ഒരു പക്ഷേ ബാലപംക്തിയില്‍ അന്ന് എഴുതിയിരുന്ന എന്‍റെ കഥകള്‍ അദ്ദേഹം കണ്ടിരിക്കുമോ? അത് ചോദിക്കുവാനുളള ധൈര്യം അന്നത്തെ പതിനേഴുകാരനുണ്ടായിരുന്നില്ല.ഇപ്പോഴും കോവിലന്‍ എന്ന് കേള്‍ക്കുമ്പോഴേ ഞാന്‍ ഓര്‍ക്കുന്നത് അദ്ദേഹം ഞങ്ങള്‍ക്കായി പകര്‍ന്നു തന്ന ആ പഴമാണ്. കോവിലന്‍റെ സംസാരം പോലെ മധുരം മാത്രം അവശേഷിപ്പിച്ച് ഇതാ എന്‍റെ ഓര്‍മ്മയില്‍ ഒരു പഴം വന്നു നില്‍ക്കുന്നു.

ആദരാഞ്ജലികള്‍ …

വര: ജയരാജ് ടി ജി

Advertisement