തിരുവനന്തപുരം:കേരളാടൂറിസവും കുടുംബശ്രീയും ചേര്‍ന്ന് വെള്ളാറിലെ കോവളം ടൂറിസ്‌റ് വില്ലേജിനെ മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നാക്കുമെന്ന് ടുറിസം ഡയറക്ടര്‍ ശ്രീ എം ശിവശങ്കറും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി ശാരദാ മുരളീധരനും അറിയിച്ചു. കരകൗശല ഉല്‍പ്പന്നങ്ങളും നാടന്‍ഭക്ഷ്യവിഭവങ്ങളും ഉല്ലാസ ഉപാധികളും ലഭ്യമാകുന്നതോടെ വെള്ളാര്‍ ആഭ്യന്തര,വിദേശ സഞ്ചാരികള്‍ക്ക് ഇഷ്ടകേന്ദ്രമാകും.

കുട്ടികള്‍ക്ക് പഠന പരിശീലനത്തിന് ടൂറിസവും കുടുംബശ്രീയും ചേര്‍ന്നാരംഭിച്ച വാരാന്ത്യം വെള്ളാറില്‍ എന്ന പരിപാടിയുടെ ആദ്യഘട്ടത്തിനൊടുവില്‍ വെള്ളാറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുടുംബശ്രീക്ക് സ്ഥിരമായ വിപണന സംവിധാനം ടൂറിസം വില്ലേജിലൂടെ സാധ്യമാണെന്ന് ശിവശങ്കര്‍ പറഞ്ഞു. വിനോദ സഞ്ചാരമേഖലയില്‍ വിപണനവും സൗഹൃദവും കോര്‍ത്തിണക്കിക്കൊണ്ടുപോകുവാന്‍ പദ്ധതിക്കു സാധിക്കും. പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും വില്ലേജ് സഹായിക്കുമെന്നും വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കോവളത്തിന്റെ സാമീപ്യം സഞ്ചാരികള്‍ക്കും പദ്ധതിക്കും കൂടുതല്‍ ഗുണകരമാകുമെന്നും ശിവശങ്കര്‍ അഭിപ്രായപ്പെട്ടു. വിദൂരസഞ്ചാരികള്‍ക്കു മാത്രമല്ല തിരുവനന്തപുരം നഗരവാസികള്‍ക്കും ഇഷ്ടവിനോദ കേന്ദ്രമായി വെള്ളാര്‍ ഇതോടെ മാറും. ഉല്ലാസത്തിനു പുറമെ ഇഷ്ട വിഭവങ്ങള്‍ ലഭ്യമാകുന്ന ഇടമെന്ന നിലയ്ക്കും ടൂറിസ്‌റ് വില്ലേജ് നഗരവാസികളുടെ ശ്രദ്ധനേടുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സവിശേഷമായ കരകൗശല സമ്പത്തിനെ പരിപോഷിപ്പിച്ച് ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ള കേരള ടൂറിസത്തിന്റെ സംരംഭമാണ് കോവളം ടൂറിസ്‌റ് വില്ലേജ്. 15 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിനോദസഞ്ചാര ഗ്രാമത്തില്‍ കരകൗശല വിപണി മുഖ്യ ആകര്‍ഷണമാകും. ഇതിന് പുറമെ വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാളുകളും ഒരുക്കുമെന്ന് ശ്രീമതി ശാരദാ മുരളീധരന്‍ അറിയിച്ചു.

കരകൌശല വിദഗ്ധര്‍ക്ക് കലാസൃഷ്ടികള്‍ നിര്‍മ്മിക്കുവാന്‍ സൌകര്യമുള്ള ആകര്‍ഷകമായ കുടിലുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. വാഴ, കുളവാഴ, തഴ, പനയോല തുടങ്ങിയവയുടെ നാരുകള്‍, മണ്ണ്, കളിമണ്ണ്, മുള, ഈറ്റ, കയര്‍, ചിരട്ട, തെങ്ങ്, തേങ്ങ, തടി, സങ്കരലോഹങ്ങള്‍ തുടങ്ങി വിവിധ അസംസ്‌കൃതവസ്തുക്കള്‍ കൊണ്ട് കലാരൂപങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഇവിടെ സൗകര്യങ്ങള്‍ ലഭ്യമാണ്. ഉത്പാദനത്തിന്റെ വിവിധ വശങ്ങള്‍ സഞ്ചാരികള്‍ക്കു മനസ്സിലാക്കുന്നതിനാവശ്യമായ ഘട്ടങ്ങള്‍ ഗ്രാമത്തിലുണ്ടായിരിക്കും.

ഉത്പാദനം പൂര്‍ണ്ണമായും ഇവിടെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ലഭിയ്ക്കും.
ഭക്ഷ്യവിഭവങ്ങളും മറ്റുല്‍പ്പന്നങ്ങളും കുടുംബശ്രീയിലൂടെ ലഭ്യമാകുന്ന തരത്തിലാണ് ഗ്രാമം സജ്ജീകരിച്ചിട്ടുളളത്. ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ സ്റ്റാളുകളില്‍ ഇടംപിടിക്കും. നവീനമായ ഡിസൈനുകളില്‍ വിപണിക്കനുസൃതമായി ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ക്രാഫ്റ്റ് ഡിസൈന്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍, അത്യാധുനിക വിപണന കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവയും വില്ലേജിന്റെ ഭാഗമായാരംഭിക്കും.. സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണതാമസ സൗകര്യവും ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള സൗകര്യവുമുണ്ടായിരിക്കും.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, എന്‍.ജി.ഒ, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും കേരളത്തിന്റെ തനതു കരകൌശല ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രാവീണ്യം നേടിയ വ്യക്തികള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളിയാകാം. ഗ്രാമത്തിലേക്ക് വിദഗ്ദ്ധ കലാകാരന്മാരെ തിരഞ്ഞെടുക്കുന്നത് സുതാര്യമായ പ്രക്രിയയിലൂടെയാണ്. കരകൗശലരൂപങ്ങളുടെ പ്രവര്‍ത്തന മികവും പ്രസക്തിയും നിര്‍മ്മാണ വൈദഗ്ധ്യവുമാണ് മാനദണ്ഡങ്ങള്‍. ഉല്‍പ്പന്നങ്ങള്‍ക്ക് കേരള ടൂറിസത്തിന്റെ മികച്ച ബ്രാന്‍ഡ് പരിരക്ഷയും ലഭിക്കും. വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാനും വിപണനച്ചെലവ് കുറയ്ക്കാനും കരകൗശല വസ്തുക്കളുടെ വിപണന ജോലി ആയാസരഹിതമാക്കുവാനും പദ്ധതി സഹായിക്കും.

വാരാന്ത്യം വെള്ളാറില്‍ പഠന പരിപാടിയുടെ ആദ്യത്രിദിന ഘട്ടം സമാപിച്ചു. കുടുംബശ്രീക്കു കീഴിലുള്ള ബാലസഭകളിലെ കുട്ടികള്‍ക്ക് ന്യൂസ്‌പേപ്പര്‍ തയ്യാറാക്കുന്നതിലായിരുന്നു പരിശീലനം. വെള്ളാര്‍ പ്രദേശത്തിന്റെ ചരിത്രം, കോവളം ടൂറിസ്‌റ് വില്ലേജിന്റെ വികസനം, പത്രനിര്‍മ്മാണകളരിയില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കുട്ടികള്‍ പത്രം തയ്യാറാക്കിയത്. കുട്ടികള്‍ തയ്യാറാക്കിയ പത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു. ടൂറിസം ഡയറക്ടര്‍ എം ശിവശങ്കര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി ശാരദാ മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരായ നീലന്‍, ബൈജു ചന്ദ്രന്‍ പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തകരായ സി. ഗൗരീദാസന്‍ നായര്‍, മനോജ് കെ. പുതുയവിള, കാര്‍ട്ടൂണിസ്റ്റ് ടി.കെ. സുജിത്, ഫോട്ടോഗ്രാഫര്‍ ബി. ചന്ദ്രകുമാര്‍, നാരായണ ഭട്ടതിരി ,
സന്തോഷ് ജോര്‍ജ് ശില്‍പശാലക്ക് നേതൃത്വം നല്‍കി.