എഡിറ്റര്‍
എഡിറ്റര്‍
കോവളം കൊട്ടാരം പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം
എഡിറ്റര്‍
Friday 9th November 2012 12:45am

തിരുവനന്തപുരം: കോവളം കൊട്ടാരം പാട്ടത്തിന് നല്‍കാന്‍ നീക്കം. സ്വകാര്യ കമ്പനിയായ ആര്‍.പി ഗ്രൂപ്പിന് കൊട്ടാരം പാട്ടത്തിന് നല്‍കാനാണ് നീക്കം നടക്കുന്നത്. ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം നല്‍കിയ കുറിപ്പിലാണ് കൊട്ടാരം പാട്ടത്തിന് നല്‍കുന്നതിനെ പറ്റിയുള്ള നിലപാട് സര്‍ക്കാര്‍ അറിയിച്ചത്.

കുറഞ്ഞ വിലക്ക് കൊട്ടാരം പാട്ടത്തിന് ഏറ്റെടുക്കാമെന്ന് ആര്‍.പി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നും കോവളം കൊട്ടാരം ഇവര്‍ക്ക് പാട്ടത്തിന് നല്‍കേണ്ടി വരുമെന്നുമാണ് കുറിപ്പിലുള്ളത്.

Ads By Google

കൊട്ടാരവും സ്ഥലവും സര്‍ക്കാരിനാണെന്ന് സമ്മതിച്ചാല്‍ ഹോട്ടല്‍ ഉടമയ്ക്ക് പാട്ടത്തിന് നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ മാസം 12 ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, കൊട്ടാരവും സ്ഥലവും സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

കൊട്ടാരം പാട്ടത്തിന് നല്‍കുന്നത് എതിര്‍ക്കേണ്ടെന്ന നിലപാടാണ് സി.പി.ഐ.എമ്മിന്. സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ കൊട്ടാരം പാട്ടത്തിന് നല്‍കിയാല്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വരുമെന്നാണ് സി.പി.ഐ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സി.പി.ഐ.എം നിലപാടില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തേ പറഞ്ഞിരുന്നു.

Advertisement