തിരുവനന്തപുരം: കോവളം കൊട്ടാരഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കുന്നതിനെതിരെ സി.പി.ഐ രംഗത്ത്. കോവളം കൊട്ടാരവിഷയത്തില്‍ പൊതുമുതല്‍ കട്ടുതിന്നാനല്ല സി.പി.ഐ നില്‍ക്കുന്നതെന്ന്‌ സി.ദിവാകരന്‍ പറഞ്ഞു.

പൊതുമുതല്‍ സംരക്ഷിക്കുകയാണ് സി.പി.ഐ നയമെന്നും  കോവളം കൊട്ടാരഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കുന്നത് രാജ്യരക്ഷയ്ക്ക് തന്നെ അപകടകരമാണെന്നും ദിവാകരന്‍ പറഞ്ഞു.

Ads By Google

കോവളം കൊട്ടാരത്തിന്റെ കാര്യത്തിലല്ല വിലക്കയറ്റം ചര്‍ച്ച ചെയ്യാനാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടത്. സര്‍ക്കാരിന്റെ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കേണ്ട കാര്യമില്ല. മറിച്ച് സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യേണ്ടത് വിലക്കയറ്റം സംബന്ധിച്ച വിഷയമാണെന്നും ദിവാകരന്‍ പറഞ്ഞു.

സ്വകാര്യ കമ്പനിയായ ആര്‍.പി ഗ്രൂപ്പിന് കോവളം കൊട്ടാരം പാട്ടത്തിന് നല്‍കുന്നതിനെ കുറിച്ച് ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഇറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

കുറഞ്ഞ വിലക്ക് കൊട്ടാരം പാട്ടത്തിന് ഏറ്റെടുക്കാമെന്ന് ആര്‍.പി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നും കോവളം കൊട്ടാരം ഇവര്‍ക്ക് പാട്ടത്തിന് നല്‍കേണ്ടി വരുമെന്നുമാണ് കുറിപ്പിലുള്ളത്.

കൊട്ടാരവും സ്ഥലവും സര്‍ക്കാരിനാണെന്ന് സമ്മതിച്ചാല്‍ ഹോട്ടല്‍ ഉടമയ്ക്ക് പാട്ടത്തിന് നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ മാസം 12 ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

കൊട്ടാരം പാട്ടത്തിന് നല്‍കുന്നത് എതിര്‍ക്കേണ്ടെന്ന നിലപാടാണ് സി.പി.ഐ.എമ്മിന്. സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്.