കൊച്ചി: കോവളംകൊട്ടാരം ഏറ്റെടുക്കാനുള്ള നിയമം ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍. കൊട്ടാരം നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന 2005ലെ നിയമം റദ്ദാക്കുകയും ചെയ്തിരുന്നു.

ഇന്നലെയാണ് കോവളം കൊട്ടാരം ഏറ്റെടുക്കാനുള്ള നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചത്. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയുടെ ഭാഗമായാണ് കോവളം കൊട്ടാരം ലീലാ ഗ്രൂപ്പ് വാങ്ങിയതെന്നും ഇത് റദ്ദാക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Subscribe Us:

കേന്ദ്രസര്‍ക്കാറിനും ഐ ടി ഡി സിക്കും മാത്രമാണ് കൊട്ടാരത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും മേല്‍ അവകാശമുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമം പാസാക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടേണ്ട

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. നിരുത്തരവാദ പരമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് പി.സി.കെയില്‍ നിന്നും ഒഴിവാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പി.സി.കെ അടച്ചുപൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ലാഭകരമാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.