Administrator
Administrator
കോട്ടയത്ത് ബസ് പുഴയിലേക്ക് മറിഞ്ഞ് 10 മരണം
Administrator
Wednesday 24th March 2010 7:22am

കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഒരാള്‍ ഹൃദയാഘാതം മൂലവും മരിച്ചു.
ഉച്ചക്ക് 2.15 ഓടെയാണ് അപകടമുണ്ടായത്. അഞ്ചുമണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ ബസ്സ് വെളളത്തില്‍ നിന്ന് പുറത്തെടുത്തു. കൂടുതല്‍ പേര്‍ അപടത്തില്‍ പെട്ടില്ലെന്ന് ഉറപ്പ് വരുത്താന്‍ പരിശോധന ഇന്നും തുടരും.

ബസ്സ് കണ്ടക്ടര്‍ കുമരകം സ്വദേശി കൊച്ചുമോന്‍(41) , അമ്പലപ്പുഴ സ്വദേശി ബാബു ദാമോദര്‍ (45), എസ് എന്‍ കോളജ് വിദ്യാര്‍ഥിനി മൂലേടം സ്വദേശി ദിവ്യ(19), കുമരകം മാടത്തറയില്‍ ബീന (41) , മകള്‍ കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അഖില(14), പത്രം ഏജന്റ് വൈക്കം ഉല്ലല സ്വദേശി കെ ഒ സിബി(35), വൈക്കം ഉദയനാപുരം വിശ്വാസ്ഭവനില്‍ വിഷ്ണു വിശ്വനാഥ് (22), പീരുമേട് ഏലപ്പാറ ചിന്നാര്‍ എസ്‌റ്റേറ്റില്‍ ആന്‍സി (19) എന്നിവരാണ് മരിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് കുമ്മനം സ്വദേശി സതീഷ് (45) മരിച്ചത്. ആറ് മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ട് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലുമാണുള്ളത്. 20 പേരെ രക്ഷപ്പെടുത്താനായതാണ് റിപ്പോര്‍ട്ട്. നാവിക സേനയുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പി ടി എസ് എന്ന ബസാണ് അറപ്പുഴ കവലക്ക് സമീപം മീനച്ചിലാറിലേക്ക് മറിഞ്ഞത്. ഇലക്ട്രിക് പോസ്റ്റിലിടിച്ച ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. പുഴയില്‍ നിന്ന് 15 ഓളം പേര്‍ കരയിലേക്ക് കയറി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയ ബസ് പുറത്തേക്ക് കാണാനില്ലാത്ത സ്ഥിതിയിലായിരുന്നു. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ബസ്. ബസില്‍ എത്ര ആളുകള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. ബസില്‍ സീറ്റില്‍ മുഴുവനായി ആളുകളുണ്ടായിരുന്നുവെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു. എന്നാല്‍ ബസിലെ ഭൂരിഭാഗം പേരും രക്ഷപ്പെട്ടതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ വ്യക്തമാക്കി.

ബസ് പൊക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് തവണ ക്രെയിനിന്റെ ചങ്ങല പൊട്ടി.അപകടം നടന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് ബസിന്റെ ഒരു ഭാഗമെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞത്. ബസ് മറിഞ്ഞത് ഏതാണ്ട് 40 അടി ആഴമുള്ള ഭാഗത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേവിയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ആകാശ നിരീക്ഷണം മാത്രം നടത്തി മടങ്ങി. ഫയര്‍ഫോഴ്‌സ് കാറ്റുനിറച്ച ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.

കോട്ടയം തിരുനക്കരയമ്പലത്തില്‍ ഇന്ന് പകല്‍പ്പൂരമായിരുന്നു. അതിന് വന്നവരും ബസ്സിലുണ്ടായിരുന്നതായി കരുതുന്നു. കോട്ടയത്തു നിന്ന് ചേര്‍ത്തലയിലേക്കുള്ള വീതി കുറഞ്ഞ റോഡ് മാത്രമാണ് സംഭവസ്ഥലത്തേക്കെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ഏകമാര്‍ഗം. പൂരത്തിനെത്തിയവരും സംഭവമറിഞ്ഞ് അപകടസ്ഥലത്തേക്ക് കൂട്ടമായെത്തിയത് രക്ഷപ്രവര്‍ത്തനം കൂടുതല്‍ വിഷമകരമാക്കി.

Advertisement