കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത തമിഴ് പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്കൊപ്പം കന്യാകുമാരിയില്‍ പീഡിപ്പിച്ചശേഷം കൊട്ടാരക്കരയില്‍ ഉപേക്ഷിച്ച കാമുകനെ പോലീസ് അറസ്റ്റുചെയ്തു. രാജേഷ് (21) ആണ് പിടിയിലായത്.

Ads By Google

ശനിയാഴ്ച രാത്രി എട്ടോടെയാണ് പെണ്‍കുട്ടിയെ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജിന് മുന്നില്‍ അവശനിലയില്‍ കണ്ടെത്തിയത്. പീഡനക്കേസ് തമിഴ്‌നാട് പോലീസിന് കൈമാറുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

പെണ്‍കുട്ടി കഴിഞ്ഞമാസം കന്യാകുമാരി പോലീസിലും പീഡനത്തിന് പരാതി നല്‍കിയിട്ടുള്ളതാണെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. തൂത്തുക്കുടി കള്ളികുളം വള്ളിയൂര്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെയാണ് കാമുകന്‍ ഉള്‍പ്പെടുന്ന സംഘം പീഡിപ്പിച്ചത്.

മൂന്നു ദിവസം മുമ്പു കാമുകന്‍ തൂത്തുക്കുടി വള്ളിയൂര്‍ മുരുകന്‍ കോവിലിനു സമീപമുള്ള രാജേഷിനൊപ്പം മാരുതി കാറിലാണ് പെണ്‍കുട്ടി പോയത്. അവിടെനിന്നു കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ മാര്‍ത്താണ്ഡത്തുവച്ച് രണ്ട് യുവാക്കള്‍കൂടി കാറില്‍ കയറി. ലോഡ്ജില്‍ മുറിയെടുത്ത് മൂന്നു പേരും പീഡിപ്പിച്ചു.

തുടര്‍ന്നാണ് കൊട്ടാരക്കരയിലെത്തിച്ചത്. ഇവിടെ ലോഡ്ജില്‍ രണ്ട് ദിവസം താമസിപ്പിച്ചു നിരവധി പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി ആദ്യം ആശുപത്രി അധികൃതര്‍ക്കും പോലീസിനും മൊഴി നല്‍കിയിരുന്നു.

കാമുകന്റെ അറിവോടെയാണോ എന്നു വ്യക്തമാക്കിയിരുന്നില്ല. പുറത്തു പോയിട്ടുവരാമെന്നു പറഞ്ഞിറങ്ങിയ രാജേഷ് പിന്നീടു തിരിച്ചുവന്നില്ലെന്നാണു മൊഴിയില്‍ പറയുന്നത്. ആരോഗ്യനില മെച്ചപ്പെട്ട പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരം കൊല്ലം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയശേഷം മഹിളാ മന്ദിരത്തിലേക്ക് അയച്ചു.