കോതമംഗലം: കോതമംഗലം നെല്ലിക്കുഴിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ബക്കര്‍ എന്ന് വിളിക്കുന്ന നെല്ലിക്കുഴി മൂശാരുകുടി അജാസി(27)നെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവും സമീപവാസിയുമാണ് ഇയാള്‍. പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ച സഹപാഠികളായ അജ്മലിനെയും മാഹിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടു പ്രതികളാണിവര്‍. ഇന്നു പുലര്‍ച്ചെ നേര്യമഗംലത്തുവെച്ചാണ് ഇവര്‍ പിടിയിലായത്.

പെണ്‍ കുട്ടിയെ പിതാവിന്റെ സമ്മതത്തോടെ പീഡിപ്പിക്കുകയും പിന്നീട് നിരവധി പേര്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരവധി പ്രാവശ്യം ലൈംഗിക പീഡനത്തിനിരയാക്കിയെന്നും പലര്‍ക്കായി നിരവധി തവണ പെണ്‍കുട്ടിയെ കാഴ്ചവെച്ചുവെന്നും പോലീസ്് കണ്ടെത്തിയിട്ടുണ്ട്.

Subscribe Us:

കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അജാസിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും പോലീസിന്റെ വലയില്‍ പെടാതെ സമര്‍ഥമായി രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് വിദേശത്തേക്ക് കടക്കാനുമുള്ള സാഹചര്യം പോലീസ് ഒരുക്കിയെന്ന ആക്ഷേപത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഈ കേസില്‍ മുപ്പതോളം പേരുള്ളതായാണു സൂചന. എന്നാല്‍ ഇതുവരെ 13 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി പിടിയിലായതോടെ കേസിലെ മറ്റു പ്രതികളും വലയിലാകുമെന്നാണ് കരുതുന്നത്.