Administrator
Administrator
‘കോതമംഗലം പീഡനക്കേസിലും കുഞ്ഞാലിക്കുട്ടിക്ക് പങ്ക്’
Administrator
Monday 14th February 2011 1:43pm

കോഴിക്കോട്: കോതമംഗലം പെണ്‍വാണിഭക്കേസിലും പി.കെ കുഞ്ഞലാക്കുട്ടിക്കെതിരെ മൊഴിയുണ്ടെന്ന് കെ.എ റഊഫ്. കേസിലെ സാക്ഷിയായ പെണ്‍കുട്ടിയെ പണം കൊടുത്ത് ഒതുക്കിയതാണ്. 15 ലക്ഷം രൂപയാണ് ഇതിനായി പെണ്‍കുട്ടിക്ക് നല്‍കിയത്. ചേളാരി സ്വദേശി ശരീഫാണ് പണം കൈമാറിയതെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് റഊഫ് പറഞ്ഞു.

പെണ്‍കുട്ടിക്ക് കുഞ്ഞാലിക്കുട്ടിക്കെതിരെ 124 സ്റ്റേറ്റ്‌മെന്റ് നല്‍കിയിരുന്നു. എന്നാല്‍ അത് പണം കൊടുത്ത് ഒതുക്കുകയായിരുന്നു. ഈ പെണ്‍കുട്ടി പേട്ട ധ്യാനകേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു. ഇതിനായി പേട്ട ധ്യാന കേന്ദ്രത്തില്‍ പോയി പനക്കല്‍ അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോതമംഗലം പീഡനക്കേസ് ചരിത്രം

കോതമംഗലെ പെണ്‍വാണിഭക്കേസില്‍ മുന്‍മന്ത്രിയടക്കം 42 പേരുകള്‍ പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഉന്നത ഇടപെടലുകളേത്തുടര്‍ന്ന് ചിലരെ പ്രതിചേര്‍ത്ത്, പേരിനു കുറ്റപത്രം സമര്‍പ്പിച്ച് കേരളാ പോലീസ് തലയൂരുകയായിരുന്നു.

പുന്നേക്കാട് സ്വദേശിയായ പത്തൊന്‍പതുകാരിയാണ് 1997 ഒക്‌ടോബര്‍ അഞ്ചിനു മുന്‍ മന്ത്രി പീഡിപ്പിച്ചുവെന്ന് പോലീസിനു മൊഴി നല്‍കിയത്. എന്നാല്‍ അത് ആരാണെന്ന് വ്യക്തമായി അറിയില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ വിശദമായി മൊഴിയെടുക്കാതെ പോലീസ് ചിലരുടെ പേരില്‍ കേസെടുക്കുകയായിരുന്നു.

കേസില്‍നിന്നു തടിയൂരാന്‍ മുന്‍മന്ത്രിക്കൊപ്പം ധ്യാനകേന്ദ്രത്തിലെത്തിയതു കേരളാ കോണ്‍ഗ്രസിലെ ഒരു മുന്‍മന്ത്രിയാണെന്നും ചില സൂചനകള്‍ ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ ധ്യാനകേന്ദ്രത്തില്‍ വിളിച്ചുവരുത്തിയാണ് കേസ് ഒതുക്കിയത്.

പെണ്‍കുട്ടിയെ പാട്ടിലാക്കി സംഭവം ഒതുക്കാന്‍ കോതമംഗലത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ലക്ഷങ്ങള്‍ കൈപ്പറ്റിയതായും പെണ്‍കുട്ടിക്കു നിസാരതുകയേ ലഭിച്ചുള്ളൂവെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

അതിനിടെ അനാശാസ്യത്തിനു പെണ്‍കുട്ടിയുടെ പേരിലും പോലീസ് കേസെടുത്തു. ഭീഷണിയുയര്‍ന്നതോടെ ‘സ്ത്രീവേദി’ പെണ്‍കുട്ടിക്കു നിയമപരിരക്ഷയുമായി എത്തി.

2000 ഡിസംബറില്‍ പെണ്‍കുട്ടിക്കു പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. ഇതോടെ മുന്‍മന്ത്രിയുടെ ബന്ധു പ്രീണനവുമായി രംഗത്തുവന്നു. കോയമ്പത്തൂരിനടുത്തുള്ള ഇയാളുടെ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരനെക്കൊണ്ടു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു. പെരുമ്പാവൂരിനടുത്ത് ഓടയ്ക്കാലി സ്‌കൂളിനടുത്ത് ഒന്നരയേക്കറോളം റബര്‍ത്തോട്ടവും വാര്‍ക്കക്കെട്ടിടവും മുദ്രപ്പത്രത്തില്‍ എഴുതിനല്‍കി.

ആധാരമാണിതെന്നു തെറ്റിദ്ധരിപ്പിച്ചു. ഈ വീടിനു കാവലും ഏര്‍പ്പെടുത്തി. പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ പെണ്‍കുട്ടിയുടെ രണ്ടു സെന്റിലെ ഇടിഞ്ഞുവീഴാറായ വീടിന്റെ ഫോട്ടോയും പീന്നീടു കിട്ടിയ വാര്‍ക്കവീടിന്റെ ഫോട്ടോയും സഹിതം ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.

കെട്ടിച്ചമച്ച കേസാണെന്നും പോലീസ് പ്രേരിപ്പിച്ചതനുസരിച്ചാണ് ആദ്യം മൊഴി നല്‍കിയതെന്നും മജിസ്‌ട്രേട്ടിനു മുന്നില്‍ പെണ്‍കുട്ടി പിന്നീടു രഹസ്യമൊഴി നല്‍കി. മൊഴി മാറ്റിപ്പറഞ്ഞതോടെ ഓടയ്ക്കാലിയിലെ ഒന്നരയേക്കര്‍ റബര്‍ത്തോട്ടത്തിലെ വാര്‍ക്കവീട്ടില്‍നിന്ന് പെണ്‍കുട്ടിയേയും കുടുംബത്തെയും കുടിയൊഴിപ്പിച്ചു.

മുദ്രപ്പത്രം വലിച്ചുകീറി വീട്ടുസാധനങ്ങള്‍ വണ്ടിയിലാക്കി യാത്രയാക്കി. മൊഴിമാറ്റത്തോടെ പെണ്‍വാണിഭക്കേസ് വിസ്മൃതിയിലാവുകയും പ്രതികളെ വെറുതേവിടുകയും ചെയ്യുകയായിരുന്നു.

Advertisement