കണ്ണൂര്‍: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പ്പിന് ഉത്തരവാദി കെ.സുധാകരന്‍ എംപിയാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്‍. തന്നെപോലുള്ളവര്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രിയായിരുന്ന എം.വി.രാഘവനെ കൂത്തുപറമ്പിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചത് സുധാകരനാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് കഠാരയും വാളും ഉപയോഗിച്ചാണ്. സ്വന്തമായുള്ള ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ചാണ് സുധാകരന്‍ രാഷ്ട്രീയം വളര്‍ത്താന്‍ ശ്രമിക്കുന്നത്. കണ്ണുരിലെ പാര്‍ട്ടിക്ക് വേണ്ടി മരിച്ചവര്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് രക്തസാക്ഷികളല്ല, മറിച്ച് സുധാകരന്റെ രക്തസാക്ഷികളാണ്. സി.പി.ഐ.എമ്മുകാരെ അക്രമിക്കാന്‍ സുധാകരന്‍ ഗുണ്ടകളെ അയക്കുകയായിരുന്നു.

Subscribe Us:

സുധാകരന്‍ കോണ്‍ഗ്രസ് ചരിത്രത്തെ വളച്ചൊടിക്കുകയാണ്. കോണ്‍ഗ്രസിനെ ജില്ലയില്‍ ശക്തിപ്പെടുത്തി എന്ന് സുധാരന്റെ അവകാശ വാദം തെറ്റാണ്. സുധാകരന്റെ കാലത്ത് കണ്ണൂരില്‍ കോണ്‍ഗ്രസ് നാമാവശേഷമാവുകയാണുണ്ടായത്. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് തോല്‍വി ഉണ്ടായത് സുധാകരന്റെ കാലത്താണ്. അച്ചടക്കലംഘനം നടത്തിയ സുധാകരനെതിരെ കെപിസിസി നേതൃത്വം നടപടിയെടുക്കണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.