കണ്ണൂര്‍: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവയ്പ് സി.ബി.ഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് കെ. സുധാകരന്‍ എംപി. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരുള്ളൂവെന്നും ഗൂഢാലോചന പുറത്തുവന്നാല്‍ ജയരാജന്‍മാരും പിണറായിയും കേസില്‍ പ്രതികളാകുമെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയും ജയരാജന്‍മാരും പ്രതികളായില്ലെങ്കില്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എം.വി. രാഘവനോട് കൂത്തുപറമ്പിലേക്ക് പോകാന്‍ പറഞ്ഞത് താനാണ് പക്ഷെ താനോ രാഘവനോ അല്ല വെടിവച്ചത്. പണ്ട് സിപിഎമ്മിലുണ്ടായിരുന്ന പലരും ഇപ്പോള്‍ തങ്ങളുടെ കൂടെയുണ്ടെന്നും അവരുടെ മൊഴി കൂടി പുറത്തുവന്നാല്‍ പിണറായിയും ജയരാജന്‍മാരും കുടുങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.

Subscribe Us:

നേരത്തെ കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവാദി കെ.സുധാകരന്‍ എം.പിയാണെന്ന് മുന്‍ ഡി.സി.സി പ്രസിഡണ്ട് പി.രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. തന്നെപോലുള്ളവര്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രിയായിരുന്ന എം.വി.രാഘവനെ കൂത്തുപറമ്പിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചത് സുധാകരനാണെന്നായിരുന്നു രാമകൃഷ്ണന്റെ ആരോപണം. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച വീണ്ടും അന്വേഷണം നടത്തണമെന്ന് കൊടിയേരി ബാലകൃഷ്ണനടക്കമുള്ള ഇടത്പക്ഷത്തെ പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.