തൃശൂര്‍: തൃശൂര്‍ രാമനിലയത്തിനു സമീപം സംഗീത നാടക അക്കാദമിയുടെ കൂത്തമ്പലം കത്തിനശിച്ചു.  പുലര്‍ച്ചെ നാലരയോടെയാണു കൂത്തമ്പലത്തിന് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും കൂത്തമ്പലം പൂര്‍ണമായി കത്തിനശിച്ചിരുന്നു.

കോടികള്‍ ചിലവിട്ട് സര്‍ക്കാര്‍ നിര്‍മിച്ച കൂത്തമ്പലമാണ് രാത്രിയുണ്ടായ അഗ്നിബാധയില്‍ കത്തിനശിച്ചത്. കൂത്തമ്പലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്.

പൂര്‍ണമായി തേക്കിന്‍ തടിയില്‍ നിര്‍മിക്കുന്ന കൂത്തമ്പലത്തിന് ഒന്നരക്കോടിയാണു നിര്‍മാണ ചെലവ്. നിര്‍മാണം മുടങ്ങിക്കിടക്കുന്നതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

പുലര്‍ച്ചെ അതുവഴി പോയ വഴിയാത്രക്കാരാണു തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം. ആരെങ്കിലും മനഃപൂര്‍വം തീ വച്ചതാണോ എന്നതു സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.

Malayalam news