Categories

കൂടംകുളം ആണവ സമരം ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു


ന്യൂദല്‍ഹി: കൂടംകുളം ആണവ നിലയത്തിലെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ, കൂടുംകുളം ആണവനിലയ വരുദ്ധ സമരം ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു. പൊതുജനങ്ങളും വിവിധ സന്നദ്ധ സംഘടനകളും പങ്കെടുത്ത കൂറ്റന്‍ റാലി  ചെന്നൈയില്‍ ഇന്നലെ നടന്നു. എഗ്മൂറിലെ രാജരത്‌നം സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റാലി പന്തിയണ്‍ റോഡിലാണ് സമാപിച്ചത്.

പീപ്പിള്‍സ് മൂവ്‌മെന്റ് എഗെന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി എന്ന ബഹുജന പ്രസ്ഥാനത്തിന്റെ ബാനറില്‍ സംഘടിപ്പിച്ച റാലിക്ക് ഇതിന്റെ കോഡിനേറ്ററും കൂടംകുളം സമരസമിതി കണ്‍വീനറുമായ എസ്.പി ഉദയകുമാര്‍ നേതൃത്വം നല്‍കി. കൂടംകുളം തദ്ദേശ വാസികളുടെ സുരക്ഷയും ഭീതിയും ആകുലതകളും കണക്കിലെടുത്ത് യൂണിറ്റ് തുറക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കൂടംകുളം റിയാക്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ തദ്ദേശ വാസികളുടെ ഉപജീവന മാര്‍ഗ്ഗം വഴിമുട്ടും. സമരം നടത്തുന്ന ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരായാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ കമ്മിറ്റി തലവനും മുന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനുമായ എം.ആര്‍ ശ്രീനിവാസന്‍ ആണവ നിലയത്തിന് സുരക്ഷിത സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഉദയകുമാര്‍ ആരോപിച്ചു.

അതേസമയം, കൂടംകുളം സമരത്തിന് വിദേശ ധനസഹായം ലഭിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് പിന്നാലെ, സമരത്തെ സഹായിച്ചുവെന്നാരോപിച്ച് ജര്‍മ്മന്‍ സ്വദേശിയെ പോലീസ് തിരിച്ചയച്ചു. എസ്.പി ഉദയകുമാറിന്റെ സുഹൃത്തായ സോംടേഗ് റെയ്‌നര്‍ ഹെര്‍മനെയാണ് സമരത്തിന് പണം നല്‍കിയെന്നാരോപിച്ച് പോലീസ് തിരിച്ചയച്ചത്. ഇയാള്‍ താമസിച്ചിരുന്ന നാഗര്‍കോവിലിലെ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. ഇതുകൂടാതെ, കൂടംകുളം സമരത്തിന് നേതൃത്വം നല്‍കുന്നുവെന്നും അമേരിക്കന്‍ പണം കൈപ്പറ്റുന്നുവെന്നും ആരോപിച്ച് രണ്ട് സന്നദ്ധ സംഘടനകള്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, കൂടംകുളം ഉള്‍പ്പെടെയുള്ള രാജ്യത്തെ ആണവ നിലയങ്ങളില്‍ ഫുക്കുഷിമ പോലുള്ള ദുരന്തമുണ്ടാകില്ലെന്ന് മലയാളി ശാസ്ത്രജ്ഞന്മാര്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ബാബ ആറ്റോമിക് റിസര്‍ച്് പവര്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ സി.എ കൃഷ്ണന്‍, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഡോ ഗൗരി പണ്ഡിറ്റ്, ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ചീഫ് എഞ്ചിനീയര്‍ എ.കെ ബാലസുബ്രഹ്മണ്യന്‍ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.

Malayalam news

Kerala news in English

One Response to “കൂടംകുളം ആണവ സമരം ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു”

  1. Akhila Thomas

    മുല്ലപ്പെരിയാരിനു ഒന്നും പറ്റില്ല എന്ന് പറഞ്ഞ കള്ളപാണ്ടികള്‍ക്ക് കൂടന്‍കുളം വന്നപ്പോ “സ്വന്തം കാര്യം സിന്ദാബാദ് ” എന്ന് വിളിച്ചു സമരത്തിനിറങ്ങി….. നൂക്ലീര്‍ പ്ലാന്റ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരം ഭിക്കണം….. നുക്ലിയര്‍ പ്ലാന്റ് പൊട്ടാനൊരു സാധ്യതയുമില്ല എന്ന് തമിഴന്‍ കൂടിയായി നമ്മുടെ മുന്‍ രാഷ്‌ട്രപതി അബ്ദുല്‍ കലാം പറഞ്ഞതൊന്നും തമിഴരുടെ ചെവിയില്‍ കേറിയില്ല

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.