എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: കേന്ദ്രസര്‍ക്കാര്‍ വാക്കുപാലിച്ചില്ല, സമരസമിതിയുടെ അനിശ്ചിതകാല നിരാഹാരം ഇന്ന് മുതല്‍
എഡിറ്റര്‍
Tuesday 1st May 2012 9:22am

ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെതിരെ സമരസമിതിയായ പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ)യുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതല്‍ ആരംഭിക്കും. കഴിഞ്ഞ 22ന് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കുള്ള സഹകരണ നടപടികളുമായി മുന്നോട്ട് പോകുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാടിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണിത്.

തങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ഒരിക്കല്‍ കൂടി അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചതെന്ന് പി.എം.എ.എന്‍.ഇ നേതാവ് എം. പുഷ്പരായന്‍ പറഞ്ഞു. സമരത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുക്കും. നേരത്തെ, അറസ്റ്റിലായ സമരസമിതി നേതാക്കളെ വിട്ടയക്കുക, നേതാക്കള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ നിരാഹാര സമരം കഴിഞ്ഞ മാസം 27നാണ് അവസാനിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു ഇത്.

കൂടംകുളം സമരത്തില്‍ പങ്കെടുത്ത 200ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് ഇവരില്‍ പലര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം കൂടംകുളം ആണവ നിലയത്തിന്റെ ആദ്യ യൂണിറ്റ് നാല്‍പ്പത് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കഴിഞ്ഞ 22ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നാണ് അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണസ്വാമി പറഞ്ഞത്. 20 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ നിലയം പ്രവര്‍ത്തിപ്പിക്കുമെന്നും രണ്ടാം യൂണിറ്റ് രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതിനിടെ, വൈദ്യുതിയുടെ ഉടമസ്ഥാവകാശം പൂര്‍ണമായും തമിഴ്‌നാടിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി ജെ. ജയലളിത പ്രധാനമന്ത്രി ജെ. ജയലളിത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് കത്തയച്ചിരുന്നു. മാര്‍ച്ച് 31ന് അയച്ച കത്തിലും ജയലളിത ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. രൂക്ഷമായ ഊര്‍ജ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് കൂടംകുളം ആണവ നിലയത്തിന്റെ രണ്ട് യൂണിറ്റുകളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയും നല്‍കണമെന്നായിരുന്നു ജയലളിതയുടെ ആദ്യകത്ത്. എന്നാല്‍ 925 മെഗാവാട്ട് വൈദ്യുതി തമിഴ്‌നാടിന് നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Malayalam News

Kerala News in English

Advertisement