ചെന്നൈ: തമിഴ്‌നാട്ടില്‍ കൂടംകുളം ആണവനിലയത്തിനെതിരെ ഗ്രാമവാസികള്‍ നടത്തിയിരുന്ന നിരാഹാരസമരം വീണ്ടും തുടങ്ങി. ഞായറാഴ്ച രാവിലെ ഏകദിന സുചനാ നിരാഹാരമാണ് തുടങ്ങിയതെങ്കിലും വൈകീട്ട് നടത്തിയ ചര്‍ച്ചക്കുശേഷം മൂന്നു ദിവസം തുടര്‍നിരാഹാരമനുഷ്ഠിക്കുമെന്ന് സമരസമിതി പ്രഖ്യാപിക്കുകയായിരുന്നു. ചൊവ്വാഴ്ചയ്ക്കകം ആണവനിലയത്തിന്റെ ജോലികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ പോരാട്ടം ശക്തമാക്കുമെന്ന് സമരസമിതി കണ്‍വീനര്‍ എസ്.പി ഉദയകുമാര്‍ പറഞ്ഞു.

പ്രശ്‌നത്തെക്കുറിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി സമരസമിതി പ്രവര്‍ത്തകരും തമിഴ്‌നാട് സര്‍വകക്ഷി സംഘവും ചര്‍ച്ച നടത്തിയിരുന്നു.

കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷാപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയമിക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി ആണവനിലയം നിര്‍ദിഷ്ട സമയത്തിനകം പ്രവര്‍ത്തനമാരംഭിക്കാന്‍ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തയച്ചത് ഇരട്ടത്താപ്പാണെന്ന് സമരക്കാര്‍ ആരോപിച്ചു.

കൂടംകുളത്തിന്റെ സമീപപ്രദേശമായ ഇടിന്തകരയില്‍ ഞായറാഴ്ച നടന്ന നിരാഹാരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. കൂടംകുളത്തെയും സമീപപ്രദേശങ്ങളിലെയും മുക്കുവര്‍ തിങ്കളാഴ്ച മുതല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പഠിപ്പുമുടക്കി നിരാഹാരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സമരത്തെ തുടര്‍ന്ന് ഈ മേഖലയിലേക്കുള്ള ബസ് ഗതാഗതം ഞായറാഴ്ച മുതല്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.