എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: പ്രധാന കക്ഷികളെ ഒഴിവാക്കി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും
എഡിറ്റര്‍
Thursday 27th September 2012 8:19am

ചെന്നൈ: കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം. ഇടിന്തകരൈയില്‍ ഇന്ന് രാഷ്ട്രീയ പ്രതിനിനധികളുടെയും സമരസമിതി നേതാക്കളുടെയും നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷികളെ ഒഴിവാക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനം.

Ads By Google

തമിഴ് നാഷണല്‍ മൂവ്‌മെന്റ് നേതാവ് പി. നെടുമാരന്റെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെടുക. എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ എന്നീ പ്രധാന കക്ഷികള്‍ കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വൈകോയുടെ എം.ഡി.എം.കെ, പാട്ടാളി മക്കള്‍ കക്ഷി, മനിതനേയ മക്കള്‍ കക്ഷി, വിടുതലൈ സിറുത്തൈകള്‍ കക്ഷി, നാം തമിഴര്‍ കക്ഷി തുടങ്ങിയവ സമരത്തിന് പിന്തുണ നല്‍കുന്നു. ഈ കക്ഷികളുടെ നേതാക്കള്‍ വ്യാഴാഴ്ച ചേരുന്ന ആലോചനാ യോഗത്തില്‍ പങ്കെടുക്കും.

എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈകോ ബുധനാഴ്ച ഇടിന്തകരൈയിലെത്തി സമരസമിതി നേതാക്കളായ എസ്.പി. ഉദയകുമാര്‍, എന്‍. പുഷ്പരായന്‍, മുകിലന്‍ എന്നിവരുമായി  ചര്‍ച്ചനടത്തിയിരുന്നു. അതിനിടെ, ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ഇടിന്തകരൈ കടല്‍ക്കരയില്‍ നൂറുകണക്കിന് സ്ത്രീപുരുഷന്മാര്‍ മണ്ണില്‍ കുഴികളുണ്ടാക്കി സ്വയം മണ്ണിട്ടുമൂടി പ്രതിഷേധിച്ചു. വൈകോയും ഉദയകുമാറും സമരത്തില്‍ പങ്കെടുത്തു.

Advertisement