എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം പൊട്ടിത്തെറിയുടെ വക്കില്‍: റോഡുകള്‍ അടച്ചു, കുടിവെള്ള വിതരണം നിര്‍ത്തലാക്കി
എഡിറ്റര്‍
Tuesday 20th March 2012 10:24pm

കൂടംകുളം: ആണവ വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുന്ന കൂടംകുളത്ത് എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. റഷ്യന്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിക്കുന്ന കൂടംകുളം ആണവ വൈദ്യുത നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇരുന്ദക്കരയിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തലാക്കിയ അധികൃതര്‍, എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ഗതാഗത സര്‍വ്വീസുകളും നിര്‍ത്തലാക്കി ഇങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ബോട്ടിലാണ് സമരക്കാര്‍ പന്തലിലേക്കെത്തുന്നത്. ശേഖരിച്ചതില്‍ അടുത്ത ഏതാനും ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് പ്രക്ഷോഭകരുടെ പക്കല്‍ ഇപ്പോള്‍ ശേഷിക്കുന്നത്. ഇരുന്ദക്കരയിലെ സമരപ്പന്തല്‍ പോലീസ് വളഞ്ഞിരിക്കുകയാണ്.

Ads By Google

ഉദയകുമാര്‍ അടക്കമുള്ള കൂടംകുളം സമര നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും ഇരുന്ദക്കരയിലേക്ക് പ്രവേശിച്ച പോലീസിനെ പ്രക്ഷോഭകര്‍ ആക്രമിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പോലീസ് തന്നെ പരത്തുന്നുണ്ടെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. പദ്ധതിക്കെതിരെ സമരം നടത്തുന്ന ഗ്രാമവാസികളില്‍ പതിഞ്ചു പേര്‍ അനിശ്ചിതകാല നിരാഹാരത്തിലാണ്. തങ്ങളുടെ നിരവധി ആളുകളെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് സമരക്കാര്‍ പറയുന്നു.

എതിര്‍പ്പുകള്‍ മറികടന്ന് ഇരുപതിനായിരത്തിലധികം പേര്‍ ഇപ്പോള്‍ സമരസ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ട്. നൂറുകണക്കിന് പേര്‍ വഴിയില്‍ തടയപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ആണവനിലയത്തെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

കൂടംകുളം സ്ഥിതി ചെയ്യുന്ന ശങ്കരന്‍കോവില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ആണവനിലയത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനം വരികയായിരുന്നു. ഇതോടെ ശക്തമായ പോലീസ് കാവലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ബീഹാര്‍ എന്നീടങ്ങങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. കേന്ദ്രസേനയ്‌ക്കൊപ്പം തമിഴ്‌നാട് പോലീസിലെ അയ്യായിരത്തോളം പേരും കേരള പോലീസില്‍ നിന്നുള്ള 400 പേരും ഉള്‍പ്പെടുന്ന വിപുലമായ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കടലോര മേഖലയില്‍ തീരദേശസേനയുടെ വിമാനങ്ങള്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിട്ടുണ്ട്.

ജൂണ്‍ അവസാനത്തോടെ ആദ്യ റിയാക്ടര്‍ കമ്മീഷന്‍ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആണവ നിലയത്തിനെതിരായ ജനരോഷം തണുപ്പിക്കാന്‍ മേഖലയില്‍ 500 കോടി രൂപയുടെ പ്രത്യേക വികസന പാക്കേജ് ജയലളിത സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലയത്തിന്റെ പണി പൂര്‍ത്തിയാക്കി മുന്നോട്ടുപോകാന്‍ ജയലളിത എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ആണവ വിരുദ്ധ പ്രക്ഷോഭകരുടെയും പിന്തുണ അഭ്യര്‍ഥിച്ചിട്ടുമുണ്ട്.

ആണവനിലയത്തിനെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാരില്‍ 18 പേരെ ഇന്ന് അറസ്റ്റു ചെയ്തു. തങ്ങളുടെ വീട്ടുമുറ്റത്ത് ആണവനിലയം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള, അതിനെതിരെ സമരം ചെയ്യാനുള്ള ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നടക്കുന്ന വികസന അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരെ പോരാട്ടം ശക്തമാകുമെന്ന് സമരസമിതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. ഒരു യുദ്ധമുഖം തന്നെയാണ് നിരായുധരായ ഗ്രാമീണര്‍ക്കു നേരെ കേന്ദ്ര സര്‍ക്കാറും തമിഴ്‌നാട് സര്‍ക്കാറും കൂടംകുളത്ത് സൃഷ്ടിച്ചിരിക്കുന്നത്.

Malayalam news

Kerala news in English

Advertisement