എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം യാത്ര: വി.എസിന് കേന്ദ്രകമ്മിറ്റിയുടെ പരസ്യ ശാസന
എഡിറ്റര്‍
Sunday 14th October 2012 3:42pm

ന്യൂദല്‍ഹി: കുടംകുളം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയുടെ പരസ്യശാസന. പാര്‍ട്ടിയെ ധിക്കരിച്ച് വി.എസ് അച്യുതാനന്ദന്‍ കൂടംകുളത്തേക്ക് പോവരുതായിരുന്നുവെന്ന് കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു.

കേരളത്തില്‍ നിന്നുള്ള അംഗങ്ങളും വി.എസിന്റെ യാത്രയെ വിമര്‍ശിച്ച് സംസാരിച്ചു. വിവാദയാത്ര ഒഴിവാക്കേണ്ടതായിരുന്നെന്ന് തമിഴ്‌നാട്ടിലെ പ്രതിനിധികളും ചൂണ്ടിക്കാട്ടി.

Ads By Google

വിഷയത്തില്‍ വി.എസ്. സ്വീകരിച്ച നിലപാടും പാതിവഴിക്ക് മുടങ്ങിയ അദ്ദേഹത്തിന്റെ കൂടംകുളം യാത്രയും പാര്‍ട്ടിക്ക് ക്ഷീണം ചെയ്തുവെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുത്ത തോമസ് ഐസക്കും എ.വിജയരാഘവനും വിഎസിനെതിരെ കടുത്ത വിമര്‍ശനം നടത്തി.

കേന്ദ്രകമ്മിറ്റി ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വി.എസിന് പരസ്യ ശാസന നല്‍കാന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്. സി.പി.ഐ.എം ആണവനിലയത്തിനെതിരെയല്ലെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി പ്രമേയം പാസാക്കി. കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തണമെന്നും സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും കേന്ദ്രകമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.

കേന്ദ്രകമ്മിറ്റിയിലെ പൊതുവികാരം മാനിച്ച് വി.എസിനെ പരസ്യശാസന നല്‍കുകയാണെന്നായിരുന്നു പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വി.എസിനെ മാറ്റണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അത്തരം നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പി.ബി അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

കൂടംകുളം വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമനുസരിച്ചാവും നിലപാടെടുക്കുകയെന്ന് അച്യുതാനന്ദന്‍ ഇന്ന്‌ രാവിലെ പറഞ്ഞിരുന്നു. കൂടംകുളം സമരം ന്യായമായ ആവശ്യത്തിന് വേണ്ടിയുളളതാണെന്നും. കേരളത്തിലെ ഒന്നരക്കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണിതെന്നും വി.എസ് പറഞ്ഞിരുന്നു.

Advertisement