തിരുവനന്തപുരം: കൂടങ്കുളം താപനിലയം പ്രവര്‍ത്തനം തുടങ്ങിയാല്‍ അവിടെ നിന്നും കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയത്.

Ads By Google

Subscribe Us:

കൂടങ്കുളം നിലയത്തില്‍ ആദ്യഘട്ടം 1000 മെഗാവാട്ടിന്‍േറതാണ്. കേന്ദ്രനിലയങ്ങളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിനുള്ള ഫോര്‍മുലയനുസരിച്ച് കേരളത്തിന് കിട്ടേണ്ടത് 133 മെഗാവാട്ടാണ്.

രണ്ടാംഘട്ടത്തില്‍ ആയിരം മൈഗാവാട്ടിന്റെ നിലയം കമ്മീഷന്‍ ചെയ്യുമ്പോഴും 133 മെഗാവാട്ട് കൂടി കിട്ടണം. എന്നാല്‍ ഇവിടെനിന്നുള്ള വൈദ്യൂതി മുഴുവന്‍ തമിഴ്‌നാടിന് വേണമെന്ന് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഇതുകൊണ്ടുവരാന്‍ ലൈനില്ലെന്നാണ് ജയലളിതയുടെ വാദം.

എന്നാല്‍ കേരളത്തിന് വൈദ്യുതി നല്‍കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിയെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കേരളത്തിന് വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം രേഖാമൂലം ഉറപ്പുനല്‍കിയത്.

തിരുനെല്‍വേലിമാടക്കത്തറ ലൈന്‍ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ തന്നെ  കൂടങ്കുളം നിലയം പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ ഉദുമല്‍പേട്ടവഴിയുള്ള ലൈനിലൂടെ താത്കാലികമായി വൈദ്യുതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ ലൈന്‍ പഴകിയതിനാല്‍ പത്തുശതമാനത്തില്‍ കൂടുതല്‍ പ്രസരണ നഷ്ടമുണ്ടാകും.15 മെഗാവാട്ടുവരെ ഇങ്ങനെ നഷ്ടപ്പെടുമെന്നതാണ് മറ്റൊരു വസ്തുത.