കൂടംകുളം: കൂടംകുളം സമരപ്പന്തല്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സന്നദ്ധ പ്രവര്‍ത്തകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടംകുളം സഹായനിധി കൈമാറി തിരിച്ചുവരുമ്പോഴാണ് വന്‍ പോലീസ് സന്നാഹം മാധ്യമപ്രവര്‍ത്തകരടക്കം മുപ്പതോളം പേരടങ്ങുന്ന സംഘത്തെ തടഞ്ഞുനിര്‍ത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

Ads By Google

സ്വതന്ത്ര മത്സ്യത്തൊഴിലാളി നേതാവ് മാഗ്ലിന്‍ പീറ്റര്‍, കൂടംകുളം സമരഐക്യദാര്‍ഢ്യസമിതി നേതാവായ എന്‍.സുബ്രഹ്മണ്യന്‍, സാംസ്‌കാരിക പ്രവര്‍ത്തകയായ ജെ.ദേവിക,  ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി, സോളിഡാരിറ്റി സംസ്ഥാനപ്രസിഡന്റ് പി.എ നൗഷാദ്, സെക്രട്ടറി ടി മുഹമ്മദ് വേളം, റസാഖ് പാലിയേരി, സി.എം. ശെരീഫ്, മാധ്യമപ്രവര്‍ത്തകരായ സാജിദ്, ഉമര്‍ തുടങ്ങി മുപ്പതോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്.

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ കൂടംകുളം സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് പറഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വള്ളിയൂര്‍ സ്‌റ്റേഷനില്‍ എത്തിച്ച കേരളത്തില്‍ നിന്നുള്ള സംഘത്തെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

കൂടംകുളത്ത് നിരോധനാജ്ഞയോ മറ്റോ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഹായധനം കൈമാറി തിരിച്ചുപോവുകയായിരുന്ന രാഷ്ട്രീയപ്രവര്‍ത്തകരും സാസ്‌കാരികപ്രവര്‍ത്തകരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമടങ്ങുന്ന സംഘത്തെ കസ്റ്റഡിയിലെടുത്തത് ഫണ്ടമെന്റല്‍ റൈറ്റിന്റെ ലംഘനമാണെന്ന് ഉദയകുമാര്‍ വ്യക്തമാക്കി.