നാഗര്‍കോവില്‍്: കൂടംകുളം ആണവനിലയത്തിനെതിരായ സമരം നാട്ടുകാര്‍ നിര്‍ത്തിവെച്ചു. താത്ക്കാലികമായാണ് സമരം നിര്‍ത്തിവച്ചത്. നാളത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സമരം പുനരാരംഭിക്കും. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനാണ് സമരം നിര്‍ത്തിവെക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം മറ്റന്നാള്‍ തന്നെ സമരം പുനരാരംഭിക്കും. ചൊവ്വാഴ്ച നിരാഹാര സമരം ആരംഭിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. അതിനിടെ കൂടംകുളം ആണവ പദ്ധതി സുരക്ഷിതമാണെന്നു ദേശീയ ശാസ്ത്ര ഉപദേഷ്ടാവും ആണവ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ.ആര്‍. ചിദംബരം പറഞ്ഞു.

Subscribe Us:

ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ആണവ പദ്ധതി അനിവാര്യമാണെന്നും സമരം ചെയ്യുന്ന ജനങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രി ഇടപെട്ടു പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം പദ്ധതിക്കെതിരേ സമരം ചെയ്യുന്നവര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.