എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് മനുഷ്യാവകാശ ധ്വംസനമെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 5th June 2012 10:27am

ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെതിരെയുള്ള സമരത്തെ നേരിട്ടതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രദേശവാസികളുടെ മനുഷ്യാവകാശം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര സമിതി ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

‘ റിപ്പോര്‍ട്ട് ഓഫ് ദ ജൂറി ഓണ്‍ പബ്ലിക്ക് ഹിയറിംഗ് ഓണ്‍ കൂടംകുളം ആന്റ് സ്റ്റേറ്റ് സപ്രഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ്’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പ്രതികരിക്കാനും പ്രതിഷേധിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള ജനങ്ങളുടെ അവകാശം അടിച്ചമര്‍ത്തപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോലീസിനെ  ഇതിനായി ഭരണകൂടങ്ങള്‍ ഉപയോഗിച്ചു. പോലീസ് പ്രതിഷേധക്കാരെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 14ന് ഗ്രാമീണരില്‍ നിന്ന് പരാതികള്‍ കേട്ട ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി ചര്‍ച്ചകള്‍ വിളിച്ചുകൂട്ടുകയും അതുവഴി പ്രശ്‌നം പരിഹരിക്കുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും ആണവനിലയത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്ലാന്റിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും സമരം ചെയ്യാനുള്ള അവകാശമാണ് അവര്‍ വിനിയോഗിച്ചതെന്നും ജസ്റ്റിസ് എ.പി ഷാ പറഞ്ഞു. ‘ ഇവിടെയുള്ള പ്രതിഷേധക്കാര്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും ജൂറി നിര്‍ദേശിക്കുന്നു. കാരണം അവര്‍ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശമാണ് വിനിയോഗിച്ചത്.’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷായുടെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് റിപ്പോര്‍ട്ട്. ഇരുളര്‍ ട്രൈബല്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ പ്രഭ കലൈമണി, അഡ്വ.ഗീത രമേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. 13,000കോടി രൂപ മുടക്കി റഷ്യന്‍ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ആണവ നിലയത്തിനെതിരെ നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പഠനത്തിന് രണ്ട് വിദഗ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പ്ലാന്റ് സുരക്ഷിതമാണെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്.

കൂടംകുളം പദ്ധതി സുരക്ഷിതമാണെന്ന കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. നിലയത്തിന്റെ സുരക്ഷാവിശദാംശങ്ങളും റഷ്യയുമായുള്ള കരാറും ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

Advertisement