എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം ആണവനിലയം വൈദ്യുതി ഉത്പാദനം അടുത്തമാസം മുതല്‍
എഡിറ്റര്‍
Sunday 13th January 2013 12:00am

ചെന്നൈ: കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടറില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം അടുത്തമാസം മുതല്‍. നേരത്തേ ജനുവരി 15 മുതല്‍ ആദ്യ റിയാക്ടറില്‍ നിന്നും വൈദ്യുതി ഉത്പാദനം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാല്‍ ആദ്യ റിയാക്ടറില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉത്പാദനം അടുത്തമാസം ആരംഭിക്കുമെന്നാണ് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ ശനിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. നിലയം കമ്മീഷന്‍ ചെയ്യുന്നത് നീട്ടി വെച്ചതിന്റെ കാരണം വ്യക്തമല്ല.

Ads By Google

ആദ്യ റിയാക്ടറില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന രണ്ടാമത്തെ റിയാക്ടറിന്റെ കമ്മീഷനിങ് സപ്റ്റംബറില്‍ നടക്കുമെന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

2011 ഡിസംബറിലായിരുന്നു കൂടംകുളം ആണവനിലയം ആദ്യം കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആണവവിരുദ്ധ സമരം മൂലം കമ്മീഷന്‍ ചെയ്യുന്നത് നീട്ടിക്കൊണ്ട് പോവുകയായിരുന്നു.

കൂടംകുളം ആണവനിലയത്തിലെ രണ്ട് റിയാക്ടറില്‍ നിന്നുമായി 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഇതില്‍  തമിഴ്‌നാടിന് 925 ഉം കേരളത്തിന് 266 ഉം കര്‍ണാടകത്തിന് 442 ഉം പുതുച്ചേരിക്ക് 67 മെഗാവാട്ടും വൈദ്യുതിവിഹിതം നല്‍കുമെന്നായിരുന്നു ധാരണ.

എന്നാല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന തമിഴ്‌നാട്ടില്‍ ആദ്യ റിയാക്ടറില്‍ നിന്നുളള മുഴുവന്‍ വൈദ്യുതിയും നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Advertisement