കൂടംകുളം: കുടംകുളം ആണവ നിലയത്തിനെതിരേ പ്രദേശവാസികള്‍ നടത്തിവന്നിരുന്ന
ഉപവാസം അവസാനിപ്പിച്ചു . സമരക്കാര്‍ മുഖ്യമന്ത്രി ജയലളിതയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. വിഷയത്തില്‍ ജയലളിത രാവിലെ കേന്ദ്ര ഊര്‍ജസഹമന്ത്രി നാരായണസ്വാമിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ദേശീയ ശ്രദ്ധ നേടിയ കൂടുംകുളം ആണവ നിലയത്തിനെതിരായ സമരം 11- ാം ദിവസമാണ് അവസാനിച്ചത്. പ്രശ്‌നം രൂക്ഷമായതോടെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി നാരായണസ്വാമിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. മേധാ പട്കര്‍ അടക്കമുള്ളവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് സമരം ശക്തമായത്.

കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. വിഷയത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്നും അവര്‍ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍ണായകമായ ക്യാമ്പിനറ്റ് യോഗം നാളെ തമിഴ്‌നാട് സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കും. തമിഴ്‌നാട്ടില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ആണവ നിലയത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ്.

കൂടംകുളം സമരം ശക്തമായതോടെ ജയലളിത പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് നാരായണസ്വാമി സ്ഥലം സന്ദര്‍ശിച്ചത്.