എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളത്ത് നരനായാട്ട്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്
എഡിറ്റര്‍
Monday 10th September 2012 6:34pm

Koodamkulam Protest

കൂടംകുളം: കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് നേരെ കനത്ത പോസലീസ് രാജ്. പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്. കണ്ണീര്‍ വാതക ഷെല്ലുകൊണ്ട് ഒരു കുഞ്ഞുകൂടി മരിച്ചതായി സമരക്കാര്‍ പറയുന്നു.

Ads By Google

സമരത്തില്‍ പങ്കെടുത്തിരുന്ന മത്സ്യത്തൊഴിലാളി ആന്റണി(40)യാണ് കൊല്ലപ്പെട്ടത്.  സമരക്കാര്‍ക്ക് നേരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടിയായിരുന്നു പോലീസ് കൈക്കൊണ്ടത്. സ്ഥലത്ത് സമരക്കാര്‍ക്ക് നേരെ ക്രൂരമായ ലാത്തിചാര്‍ജ്ജാണ് നടന്നു വരുന്നത്. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സമരക്കാര്‍ തൂത്തുക്കുടി നാഗര്‍കോവില്‍ ദേശീയ പാത ഉപരോധിച്ചിരിക്കുകയാണ്. കൂടംകുളത്തും പരിസരപ്രദേശങ്ങളിലും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്.

സംഭവ സ്ഥലത്ത്  ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ പോലീസ് കടത്തി വിടുന്നില്ല. കഴിഞ്ഞ ദിവസം തന്നെ അവിടുത്തെ വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങള്‍ പോലീസ് വിച്ഛേദിച്ചിരുന്നു.

ആണവ നിലയം അടച്ചു പൂട്ടുക എന്ന മുദ്രാവാക്യമുയര്‍ത്തി നാലായിരത്തോളം ഗ്രാമവാസികള്‍ ആണവനിലയത്തിലേയ്ക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസിനെ കൂടാതെ ദ്രുതകര്‍മ സേനയും സമരക്കാരെ നേരിടാന്‍ എത്തിയിരുന്നു. മാര്‍ച്ച് തടയാന്‍ പോലീസ് ആണവനിലയത്തിലേക്കുള്ള പ്രധാന വഴികളും കവാടങ്ങളും അടച്ചിരുന്നു.

ആണവനിലയത്തിന് ഒന്നര കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പോലീസ് സമരക്കാരെ നേരിട്ടത്. ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും സമരക്കാര്‍ക്കുനേരെ പ്രയോഗിക്കുകയുണ്ടായി. പോലീസിന്റെ ശക്തമായ പ്രതിരോധമുണ്ടായിട്ടും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടുന്ന സമരക്കാര്‍ പിരിഞ്ഞുപോകില്ലെന്ന നിലപാടയിരുന്നു സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് സമരക്കാര്‍ക്കുനേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

ആണവനിലയം അടച്ചുപൂട്ടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഈ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

ആണവനിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കാനുള്ള നീക്കത്തിനെതിരെയാണ് സമരക്കാര്‍ രംഗത്തിറങ്ങിയത്. ഇന്ധനം നിറയ്ക്കാനുള്ള നീക്കത്തില്‍ നിന്നും  പിന്‍വലിച്ചാല്‍ മാത്രമേ ഇപ്പോഴുള്ള സ്ഥലത്തുനിന്ന് പിന്മാറുകയുള്ളൂവെന്ന നിലപാടിലാണ് സമരക്കാര്‍.

കൂടംകുളം സമരക്കാര്‍ക്കുനേരെ പോലീസ് നടപടിയാരംഭിച്ച് മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അതിശക്തമായ പ്രതിഷേധം ഇരമ്പുകയാണ്.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും കൂടം കുളത്തെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. കേരള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കൂടംകുളം സന്ദര്‍ശിക്കുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement