പത്തനംതിട്ട: കൂടലിനും രാജഗിരിക്കും ഇടയില്‍ പുന്നമൂട്ടില്‍ ലോറി മറിഞ്ഞ് ആറു തൊഴിലാളികള്‍ മരിച്ചു.പത്തുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.

രാജഗിരിയിലെ എ വി ടി യുടെ ചാലിയക്കര എസ്‌റ്റേറ്റില്‍ നിന്ന് റോഡുപണികഴിഞ്ഞ് രാജഗിരി എസ്‌റ്റേറ്റിലേക്ക് പോവുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. നാലുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. നാലുപേരുടെ മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറലാശുപത്രിയിലും രണ്ടു പേരുടേത് സ്വകാര്യ ആശുപത്രികളിലും സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി മനു, കൊല്ലം ശാസ്താംകോട്ട സ്വദേശികളായ രവി, അശോകന്‍ എന്നിവരെയാണു തിരിച്ചറിഞ്ഞത്.

Subscribe Us:

നിയന്ത്രണം വിട്ടു ഓടയിലേക്കു മറിഞ്ഞ ലോറിയിലെ സാമഗ്രികള്‍ക്കിടയില്‍ തൊഴിലാളികള്‍ പെടുകയായിരുന്നു. ലോറിയുടെ മുകളില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ടാര്‍ നിറഞ്ഞ വീപ്പകളും വിറകും മിക്‌സിംഗ് യന്ത്രവും ലോറിയില്‍ ഉണ്ടായിരുന്നു. പുന്നമൂടിന് സമീപമുള്ള ഇറക്കത്തുവച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതായി പറയുന്നു.